മണ്‍ട്രിയോള്‍: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് പ്രാബല്യത്തില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ട്രംപ് നിലപാട് മാറ്റുമെന്ന പ്രതീക്ഷയില്‍ കയറ്റുമതി കമ്പനികള്‍. നിലവില്‍ ചരക്കുകള്‍ ധൃതിപിടിച്ച് അതിര്‍ത്തി കടത്തുന്നതിന് പകരം സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചു. ഓഗസ്റ്റ് 19 മുതല്‍ കാനഡയില്‍ നിന്നുളള ഉത്പ്പന്നങ്ങള്‍ക്ക് അധിക താരിഫ് ചുമത്താനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.
കാനഡയില്‍ നിന്നുള്ള പാലുല്‍പ്പന്നങ്ങള്‍, ജാക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 2,000 കോടി (20 ബിളിയന്) യു.എസ്. ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക താരിഫ് ചുമത്താനാണ് അമേരിക്കയുടെ തീരുമാനം. ട്രംപിന്റെ മുന്‍കാല താരിഫുകളില്‍ നിന്ന് വ്യത്യസ്തമായി, കാനഡ-യു.എസ്-മെക്സിക്കോ വ്യാപാര കരാറിന് (CUSMA) കീഴില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ക്കും ഈ പുതിയ ചുങ്കത്തില്‍ ഇളവ് ലഭിക്കില്ല.

എന്നാല്‍, മുന്‍കാലങ്ങളിലെപ്പോലെ സമയപരിധിക്ക് മുന്‍പായി ചരക്കുകള്‍ വന്‍തോതില്‍ മുന്‍കൂട്ടി അയക്കുന്ന ശൈലി കനേഡിയന്‍ കമ്പനികള്‍ ഉപേക്ഷിച്ചതായി കനേഡിയന്‍ സൊസൈറ്റി ഓഫ് കസ്റ്റംസ് ബ്രോക്കേഴ്സ് മേധാവി ജനീന് ഹാര്‍ക്കര്‍ വ്യക്തമാക്കി. പകരം, സ്ഥിതിഗതികള്‍ കണ്ടറിയുക എന്ന നിലപാടിലാണ് വ്യാപാരികള്‍. അമേരിക്കന്‍ പ്രസിഡന്റ് മുന്‍പും താരിഫ് ഭീഷണികളില്‍ നിന്ന് പിന്നോട്ട് പോയിട്ടുണ്ടെന്ന നിരീക്ഷണത്തില്‍ നിന്നാണ് ‘ടാക്കോ’ (TACO – Trump Always Chickens Out) എന്ന പ്രയോഗം രൂപപ്പെട്ടത്.
ട്രംപ് ഇത്തവണയും പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുമോ അതോ നടപ്പിലാക്കുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് വ്യവസായ ലോകം. മുന്‍വര്‍ഷങ്ങളില്‍ ഇത്തരം സമയപരിധികള്‍ പ്രഖ്യാപിച്ചപ്പോള്‍ വ്യാപാരികള്‍ക്കിടയില്‍ വലിയ തത്രപ്പാട് ദൃശ്യമായിരുന്നുവെങ്കിലും, നിലവില്‍ കനേഡിയന്‍ കയറ്റുമതിക്കാര്‍ സാമ്പത്തിക നഷ്ടങ്ങള്‍ മുന്‍കൂട്ടി കണക്കാക്കി കൂടുതല്‍ ജാഗ്രതയോടെയാണ് വിഷയത്തെ സമീപിക്കുന്നത്.
