ടോക്കിയോ: ജപ്പാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ എട്ട് പേർ മരിച്ചു. ടോക്കിയോയ്ക്ക് സമീപമുള്ള ചിബ പ്രിഫെക്ചറിൽ 24 മണിക്കൂറിനിടെ 360 മില്ലിമീറ്ററിലധികം മഴയാണ് ലഭിച്ചത്. ഇതോടെ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുകയും നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങുകയും ചെയ്തു.
വെള്ളപ്പൊക്കത്തെ തുടർന്ന് ഏകദേശം 7,000 യാത്രക്കാരാണ് വ്യാഴാഴ്ച നരിറ്റ വിമാനത്താവളത്തിൽ കുടുങ്ങിയത്. ഗതാഗതം തടസ്സപ്പെട്ടതോടെ നിരവധി പേർ വിമാനത്താവളത്തിൽ തന്നെ രാത്രി കഴിച്ചുകൂട്ടി. യാത്രക്കാർക്ക് വിമാനത്താവള അധികൃതർ സ്ലീപ്പിങ് ബാഗുകൾ, വെള്ളം, ലഘുഭക്ഷണം എന്നിവ വിതരണം ചെയ്തു. വെള്ളിയാഴ്ച ഭൂരിഭാഗം വിമാന സർവീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
ചിബയിൽ മഴയെ തുടർന്ന് 20,000ത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി. ഏകദേശം 13,000 വീടുകളിലെ ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവച്ചു. വൈദ്യുതി സബ്‌സ്റ്റേഷനിൽ വെള്ളം കയറിയതിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടതെന്ന് ടോക്കിയോ ഇലക്ട്രിക് പവർ വിഭാഗം അറിയിച്ചു.

ചിബ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ നൂറുകണക്കിന് പേർ സർക്കാർ കെട്ടിടങ്ങളിലെ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടി. പ്രധാന ഹൈവേകളിൽ ചിലത് അടച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.നിരവധി റെയിൽ സർവീസുകളും വെള്ളിയാഴ്ച നിർത്തിവച്ചെങ്കിലും നരിറ്റയിൽ നിന്ന് ടോക്കിയോയിലേക്കുള്ള ചില സർവീസുകൾ പുനരാരംഭിച്ചു.
ചിബയിൽ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ 367 മില്ലിമീറ്റർ മഴ 2013 ഒക്ടോബറിൽ രേഖപ്പെടുത്തിയ 309 മില്ലിമീറ്ററിന്റെ മുൻ റെക്കോർഡ് മറികടന്നതായി ജപ്പാൻ കാലാവസ്ഥാ അധികൃതർ അറിയിച്ചു. സംസ്ഥാന ഗവർണർ തോഷിഹിതോ കുമഗായി സ്ഥിതിഗതികളെ അസാധാരണമായ ദുരന്തമെന്നാണ് വിശേഷിപ്പിച്ചത്.
