ഓട്ടവ: റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കാനഡ പിടിച്ചെടുത്ത കൂറ്റന്‍ ചരക്ക് വിമാനം വിട്ടുനല്‍കണമെന്നും ഉപരോധത്തില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് റഷ്യന്‍ കമ്പനി നല്‍കിയ ഹര്‍ജി ഫെഡറല്‍ കോടതി തള്ളി. റഷ്യയിലെ ഏറ്റവും വലിയ എയര്‍ കാര്‍ഗോ കാരിയറായ വോള്‍ഗ ഡ്‌നെപ്പര്‍ എയര്‍ലൈന്‍സ് (Volga Dnepr Airlines) നല്‍കിയ ഹര്‍ജിയാണ് കോടതി നിരസിച്ചത്.
2018 മുതല്‍ സൈനിക ആവശ്യങ്ങള്‍ക്കായി ചരക്കുകള്‍ കടത്തുന്നില്ലെന്ന് അവകാശപ്പെട്ട് 2023-ല്‍ ഉപരോധ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കമ്പനി അപേക്ഷിച്ചിരുന്നെങ്കിലും കാനഡ അത് തള്ളുകയായിരുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ കരാറുകളില്‍ നിന്നും സബ്സിഡികളില്‍ നിന്നും നേട്ടമുണ്ടാക്കിയ കമ്പനിയാണ് വോള്‍ഗ ഡ്‌നെപ്പറെന്നും പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ ഭരണകൂടത്തെ ഉപരോധങ്ങള്‍ മറികടക്കാന്‍ ഇവര്‍ സഹായിച്ചതായും കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

2023-ല്‍ ടൊറോന്റോയിലെ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് കമ്പനിയുടെ അന്റോണോവ്-124 (Antonov-124) ട്രാന്‍സ്‌പോര്‍ട്ട് വിമാനം കാനഡ പിടിച്ചെടുത്തത്. അന്നുമുതല്‍ വിമാനം അവിടെത്തന്നെ തുടരുകയാണ്. അന്താരാഷ്ട്ര മധ്യസ്ഥത വഴിയും വിമാനത്തിന്റെ നിയന്ത്രണം തിരികെ പിടിക്കാന്‍ കമ്പനി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
