ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിനായുള്ള സെന്‍സസ് ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ആകെ 40 ചോദ്യങ്ങളാണ് ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് സെന്‍സസ് നടപടിയുടെ ഭാഗമായി ജാതിവിവരങ്ങള്‍ ശേഖരിക്കുന്നത്.
കോവിഡ് വാക്സിനേഷന്‍ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ട്, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ വിവരങ്ങളും ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കും.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ ജനസംഖ്യാ കണക്കെടുപ്പിനാണ് തുടക്കം കുറിക്കുന്നത്. സെന്‍സസ് വിവരശേഖരണത്തിനായി 61,282 എന്യൂമറേറ്റര്‍മാരെയും 10,189 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ഭവനം, അടിസ്ഥാന സൗകര്യങ്ങള്‍, ജനസംഖ്യാശാസ്ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, കുടിയേറ്റം തുടങ്ങിയവ സംബന്ധിച്ച ഗ്രാമ, പട്ടണം, വാര്‍ഡ് തലത്തിലുള്ള വിശദമായ വിവരങ്ങളാണ് സെന്‍സസിലൂടെ ശേഖരിക്കുക.
1948ലെ സെന്‍സസ് നിയമത്തിന്റെയും 1990ലെ സെന്‍സസ് ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് സെന്‍സസ് നടപടികള്‍ നിയന്ത്രിക്കുന്നത്. 2027 മാര്‍ച്ച് ഒന്നാണ് രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളുടെയും സെന്‍സസിന്റെ റഫറന്‍സ് തീയതി. എന്നാല്‍ ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 2026 ഒക്ടോബര്‍ ഒന്നായിരിക്കും റഫറന്‍സ് തീയതി. മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ സെന്‍സസിന്റെ രണ്ടാം ഘട്ടം ഓഗസ്റ്റ് 17ന് ആരംഭിക്കും. ഇതിന്റെ മുന്നോടിയായാണ് സെന്‍സസ് ചോദ്യാവലി സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.
