Friday, August 14, 2026

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായി റീല്‍; നടന്‍ വിക്രം വിശദീകരണം നല്‍കണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം കുരങ്ങിനെ കൈവശം വച്ച സംഭവത്തില്‍ തമിഴ് നടന്‍ വിക്രമിനോട് വിശദീകരണം തേടി വനം വകുപ്പ്. നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. വിഷയം വലിയ രീതിയില്‍ വിവാദമായതോടെ, ഈ കുരങ്ങിനൊപ്പമുള്ള വീഡിയോ നടന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പ്രധാനമായും കണ്ടുവരുന്ന ‘ലാര്‍ ഗിബ്ബണ്‍’ (Lar Gibbon) ഇനത്തില്‍പ്പെട്ട കുരങ്ങിനെയാണ് നടന്‍ കൈവശം വച്ചതായി കണ്ടെത്തിയത്.

ഇത്തരം അപൂര്‍വ ജീവികളുടെ കൈമാറ്റത്തിനും പരിപാലനത്തിനും അന്താരാഷ്ട്ര തലത്തിലും രാജ്യത്തും കര്‍ശനമായ നിരോധനവും നിയമ വ്യവസ്ഥകളുമുണ്ട്. ആവശ്യമായ മുന്‍കൂര്‍ അനുമതികളോ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ജീവിയെ കൈവശം വച്ചതെന്നാണ് സംശയം. ഇത് എങ്ങനെ നടന്റെ അടുക്കല്‍ എത്തി എന്നതിനെക്കുറിച്ചാണ് വനം വകുപ്പ് നിലവില്‍ അന്വേഷിക്കുന്നത്. രേഖകള്‍ പ്രകാരം 2020-ല്‍ മണിപ്പൂര്‍ സ്വദേശിയായ ഒരാള്‍ എട്ട് ലാര്‍ ഗിബ്ബണുകള്‍ തന്റെ കൈവശമുണ്ടെന്ന് സര്‍ക്കാരിന്റെ ‘പരിവേശ്’ (PARIVESH) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ മൂന്നെണ്ണത്തിനെ ഈ വര്‍ഷം ജൂണ്‍ 5-ന് ഇറോഡിലേക്കും, അവിടെ നിന്ന് ഓഗസ്റ്റ് 5-ന് ചെന്നൈയിലേക്കും മാറ്റുകയായിരുന്നു.

നടന്റെ മകളുടെ ഭര്‍തൃപിതാവിന്റെ ഫാം ഹൗസിലേക്കാണ് ഇവയെ എത്തിച്ചതെന്നാണ് വനം വകുപ്പിന് ലഭിച്ച പ്രാഥമിക വിവരം. വനം വകുപ്പിന്റെ ചോദ്യങ്ങള്‍ക്ക് മൂന്ന് ദിവസത്തിനകം വ്യക്തമായ മറുപടി നല്‍കേണ്ടിവരും. നിയമങ്ങള്‍ ലംഘിച്ച് അപൂര്‍വ ഇനം വന്യജീവികളെ സ്വകാര്യമായി കൈവശം വയ്ക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!