ടൊറന്റോ: കനത്ത മഴയെ തുടർന്ന് ഒന്റാരിയോയിലെ സെയ്ന്റ് കാതറിൻസിൽ രൂക്ഷമായ വെള്ളപ്പൊക്കം.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പെയ്ത തീവ്ര മഴയെത്തുടർന്ന് നഗരത്തിൽ ഓഗസ്റ്റ് 3-ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലുമാണ് വെള്ളം കയറിയത്. വീടുകളിലേക്ക് മലിനജലം ഉൾപ്പെടെ കയറിയതോടെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി.
ഹ്രസ്വകാലയളവിനുള്ളിൽ പെയ്ത മൂന്ന് വലിയ തീവ്രമഴകൾ നഗരത്തിലെ ഡ്രൈനേജ്, മലിനജല സംവിധാനങ്ങളെ പൂർണ്ണമായി തകർത്തെന്ന്
മേയർ മാറ്റ് സിസ്കോ പറഞ്ഞു. നഗരത്തിലെ പഴക്കം ചെന്ന സ്റ്റോം വാട്ടർ, അഴുക്കുചാൽ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്ര വെള്ളം ഒഴുകിയെത്തിയത് വ്യാപകമായ വെള്ളക്കെട്ടിനും മലിനജലം വീടുകളിലേക്ക് ഇരച്ചുകയറുന്നതിനും കാരണമായി.
നഗരത്തിന്റെ റോഡ്, ജല ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനായി മേയർ മാറ്റ് സിസ്കോ സ്വതന്ത്ര അന്വേഷണവും ദീർഘകാല പദ്ധതികളും പ്രഖ്യാപിച്ചു. കനത്ത മഴയിൽ വീടുകളുടെ ബേസ്മെന്റുകളിലും മറ്റും മലിനജലം കയറിയതായി അധികൃതർ അറിയിച്ചു. പ്രളയത്തിന് പിന്നാലെ നിരവധി വീടുകൾക്ക് മുന്നിൽ ഫർണിച്ചറുകൾ, മെത്തകൾ, ഡ്രൈവാൾ ഉൾപ്പെടെയുള്ള നശിച്ച വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണ്.
സമീപകാലത്ത് ഉണ്ടായ രണ്ട് മഴക്കെടുതികളിലും 100 വർഷത്തിലൊരിക്കൽ സംഭവിക്കുമെന്ന് കണക്കാക്കുന്ന മഴയുടെ അളവിനേക്കാൾ കൂടുതലാണ് രേഖപ്പെടുത്തിയതെന്ന് എൻജിനീയറിങ് വിദഗ്ധർ പറഞ്ഞു. സെയ്ന്റ് കാതറിൻസിൽ 12 മണിക്കൂറിനിടെ ഏകദേശം 102 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ നയാഗ്ര മേഖലയിലെ ചില പ്രദേശങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ 140 മില്ലിമീറ്ററിലധികം മഴ ലഭിച്ചു.
തുടർച്ചയായ മഴയാണ് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയത്. പ്രദേശത്തെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ സാധാരണയേക്കാൾ നാല് മുതൽ അഞ്ച് മടങ്ങ് വരെ കൂടുതൽ വെള്ളമാണ് എത്തിയത്. ശേഷി കവിഞ്ഞതോടെ പ്ലാന്റുകൾ ബൈപാസ് സംവിധാനത്തിലേക്ക് മാറേണ്ടിവന്നതായി നയാഗ്ര മേഖലയിലെ ജല-മലിനജല സേവന വിഭാഗം അറിയിച്ചു.

അതേസമയം, പുതിയ കെട്ടിട നിർമാണങ്ങളാണ് പ്രളയത്തിന് കാരണമെന്ന വാദം അധികൃതർ തള്ളി. നഗരത്തിലെ വികസന പദ്ധതികൾക്ക് ഭാവിയിലെ ജനസംഖ്യാ വർധന കണക്കിലെടുത്താണ് ജല-മലിനജല അടിസ്ഥാന സൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഇത്തവണ പ്രധാന പ്രശ്നം അസാധാരണമായ തോതിൽ ഒരേസമയം ലഭിച്ച മഴയാണെന്നും അധികൃതർ പറഞ്ഞു.
ഭാവിയിലെ വെള്ളപ്പൊക്കങ്ങൾ നേരിടാൻ നഗരത്തിൽ സ്വതന്ത്ര അവലോകനം നടത്താനും പ്രളയ പ്രതിരോധ പദ്ധതി തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം നേരിടാൻ ശേഷിയുള്ള രീതിയിൽ പാർക്കുകൾ പുനർരൂപകൽപ്പന ചെയ്ത് അധികമഴവെള്ളം താൽക്കാലികമായി സംഭരിക്കുന്ന ‘സ്പോഞ്ച്’ സംവിധാനമാക്കുന്നതും പരിഗണനയിലാണ്.
എന്നാൽ പഴയ പൈപ്പുകളും മലിനജല സംവിധാനങ്ങളും പൂർണമായി മാറ്റിസ്ഥാപിക്കാൻ കോടിക്കണക്കിന് ഡോളർ ചെലവാകുമെന്നതിനാൽ പ്രവിശ്യാ-ഫെഡറൽ സർക്കാരുകളുടെ സാമ്പത്തിക സഹായം ആവശ്യമാണെന്ന് മേയർ വ്യക്തമാക്കി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി നവീകരിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
