Thursday, September 3, 2026

‘US ഉപരോധം മറികടക്കാൻ ഇറാനെ സഹായിച്ചാൽ നടപടി’; രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റൂബിയോ

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. സ്വന്തം വിദേശനയം പിന്തുടരാൻ രാജ്യങ്ങൾക്ക് അവകാശമുണ്ടെങ്കിലും, യുഎസ് ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റൂബിയോ വ്യക്തമാക്കി.

ഇന്ത്യയും ഇറാനും പുതിയ വ്യാപാര കരാറുകളിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകളും റൂബിയോ തള്ളി. ഇറാനുമായി നയതന്ത്ര ബന്ധം തുടരാനും സ്വന്തം വിദേശനയം പിന്തുടരാനും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ യുഎസ് ഉപരോധങ്ങൾ മറികടക്കുന്നതിനോ ഇറാന്റെ ആണവ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നതിനോ ഏതെങ്കിലും രാജ്യം സഹായിച്ചാൽ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും റൂബിയോ മുന്നറിയിപ്പ് നൽകി.

കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെ ഭാഗമായി മോദിയും പെസെഷ്കിയാനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം, വ്യാപാരം, പശ്ചിമേഷ്യയിലെ സമാധാന സാഹചര്യം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.

ഒരു അഭിമുഖ പരിപാടിയിലായിരുന്നു റൂബിയോയുടെ പ്രതികരണം. ഇന്ത്യയും ഇറാനും തമ്മിൽ നിലവിൽ പുതിയ വ്യാപാര കരാറുകളുള്ളതായി താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ യുഎസ് പ്രതിനിധികൾ പോലും വിവിധ സാഹചര്യങ്ങളിൽ ഇറാനുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും റൂബിയോ ചൂണ്ടിക്കാട്ടി.

അമേരിക്കൻ ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്നതും ആണവായുധ നിർമാണത്തിനായി വരുമാനം കണ്ടെത്താൻ സഹായിക്കുന്നതും അംഗീകരിക്കാനാകില്ലെന്ന് റൂബിയോ വ്യക്തമാക്കി. അത്തരം സഹായം നൽകുന്ന രാജ്യങ്ങൾക്കെതിരെയും യുഎസ് ഉപരോധം ഏർപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ബിഷ്‌കെക് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാനുമായുള്ള റഷ്യയുടെ ബന്ധവും പിന്തുണയും ചർച്ചയായ പശ്ചാത്തലത്തിലാണ് റൂബിയോയുടെ മുന്നറിയിപ്പ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!