Sunday, September 6, 2026

റൈഡോ നദിയിൽ കാർ മുങ്ങി; രണ്ട് പേരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി

ഓട്ടവ: നിയന്ത്രണം വിട്ട എസ്‌യുവി റൈഡോ നദിയിലേക്ക് മറിഞ്ഞതിനെ തുടർന്ന് കാറിലുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.ഓട്ടവയിൽ വെള്ളിയാഴ്ച പുലർച്ചെ 5.50ഓടെയാണ് അപകടം. റിവർസൈഡ് ഡ്രൈവിനും വാക്ക്ലി റോഡിനും സമീപമുള്ള ലൈറ്റ് പോസ്റ്റിൽ ഇടിച്ച ശേഷമാണ് വാഹനം നദിയിലേക്ക് മറിഞ്ഞത്.

അപകടം കണ്ട ഉടൻ സമീപത്തെ വീട്ടിലുണ്ടായിരുന്ന യുവതി 911ൽ വിവരം അറിയിച്ചു. പിന്നാലെ അതുവഴി എത്തിയ കാറിലുണ്ടായിരുന്ന മറ്റൊരു യുവതി നദിയിലേക്ക് ചാടി ഡ്രൈവറെ വാഹനത്തിൽനിന്ന് പുറത്തെത്തിച്ചു.

എന്നാൽ കാറിലുണ്ടായിരുന്ന രണ്ടാമത്തെ യാത്രക്കാരന് നീന്താൻ അറിയില്ലായിരുന്നു. ഇതോടെ പ്രഭാതസവാരിക്കിറങ്ങിയ ലെസ്ലി ടോംലിൻസൺ രക്ഷാപ്രവർത്തനത്തിനായി നദിയിലേക്ക് ചാടി. മുൻ ലൈഫ് ഗാർഡ് കൂടിയായ ലെസ്ലി യാത്രക്കാരനെ സുരക്ഷിതമായി കരയിലെത്തിച്ചു.

കാർ പൂർണമായും വെള്ളത്തിൽ മുങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് ഓട്ടവ ഫയർ സർവീസും പാരാമെഡിക് സംഘവും സ്ഥലത്തെത്തി. ഇരുവരെയും പരിശോധിച്ചെങ്കിലും പരുക്കുകളൊന്നും കണ്ടെത്തിയില്ല. തുടർന്ന് ഇവരെ വിട്ടയച്ചു.

അപകടസമയത്ത് നാട്ടുകാരും വഴിയാത്രക്കാരും നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!