വൻകൂവർ: ആൽപ്സ് മലനിരകളിലെ പ്രശസ്തമായ മാട്ടർഹോൺ (Matterhorn) മലകയറ്റത്തിനിടെ പ്രശസ്ത കനേഡിയൻ സ്കൈറണ്ണറായ കാലി മക് ക്രിസ്റ്റലിനെ (Kalie McCrystal) കാണാതായി അത്‌ലറ്റിക്സ് കാനഡ അറിയിച്ചു. സ്വിറ്റ്‌സർലൻഡ് – ഇറ്റലി അതിർത്തിയിലുള്ള ഈ അപകടം നിറഞ്ഞ മലനിരകളിൽ പുതിയ റെക്കോർഡ് ലക്ഷ്യമിട്ട് പരിശീലനം നടത്തുന്നതിനിടെയാണ് 38-കാരിയായ കാലിയെ കാണാതായത് . അഞ്ച് മണിക്കൂറിനുള്ളിൽ മാട്ടർഹോൺ മലനിരകൾ ഓടിക്കയറി തിരിച്ചിറങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ യാത്ര തിരിച്ചത്.
ചൊവ്വാഴ്ച മുതലാണ് കാലി മക്രിസ്റ്റലിനെക്കുറിച്ച് വിവരമില്ലാത്തത്. ഇറ്റലി ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏകദേശം 4,481 മീറ്റർ ഉയരമുള്ള മാട്ടർഹോൺ കൊടുമുടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്. സ്വിറ്റ്സർലൻഡിലെ സെർമാറ്റ് പട്ടണത്തിൽനിന്ന് ദൃശ്യമാകുന്ന മാട്ടർഹോൺ ലോകത്തിലെ തന്നെ സാങ്കേതികമായി വെല്ലുവിളി നിറഞ്ഞ പർവതാരോഹണ മേഖലകളിലൊന്നാണ്.

മാട്ടർഹോൺ മുമ്പ് കീഴടക്കിയിട്ടുള്ള പരിചയസമ്പന്നയായ പർവതാരോഹകയാണ് കാലിയെന്ന് അത്‌ലറ്റിക്സ് കാനഡ വ്യക്തമാക്കി. ഉയർന്ന പ്രദേശങ്ങളിലും സാങ്കേതികമായി ഏറെ ബുദ്ധിമുട്ടേറിയ മലനിരകളിലും വർഷങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ് സ്ക്വാമിഷ് സ്വദേശിയായ കാലിയെന്നും സംഘടന അറിയിച്ചു.
ഏത് റെക്കോർഡ് മറികടക്കാനാണ് കാലി ശ്രമിച്ചിരുന്നതെന്ന വിവരം അത്‌ലറ്റിക്സ് കാനഡ പുറത്തുവിട്ടിട്ടില്ല.അന്താരാഷ്ട്ര സ്കൈറണ്ണിംഗ് രംഗത്ത് ശ്രദ്ധേയയായ താരത്തിനായി വ്യാപകമായ തിരച്ചിൽ തുടരുകയാണ്. കാലി സുരക്ഷിതയായി തിരിച്ചെത്തണമെന്ന പ്രതീക്ഷ പങ്കുവെച്ച അത്‌ലറ്റിക്സ് കാനഡ, തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങൾക്ക് നന്ദി അറിയിച്ചു.
