ഓട്ടവ: കോടതി വിധിനിർണയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി കെബെക്ക് കോടതികൾ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വിധിനിർണയം പൂർണമായും മാനുഷിക ഉത്തരവാദിത്തമാണെന്നും ജനറേറ്റീവ് എഐയ്ക്ക് ഒരിക്കലും അതിന് പകരമാകാൻ കഴിയില്ലെന്നും കോടതികൾ വ്യക്തമാക്കി.
കെബെക്ക് കോർട്ട് ഓഫ് അപ്പീൽ, സുപ്പീരിയർ കോർട്ട്, കോർട്ട് ഓഫ് കെബെക്ക്, പ്രവിശ്യയിലെ മുനിസിപ്പൽ കോടതികൾ എന്നിവ സംയുക്തമായാണ് പുതിയ മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചത്.
നിയമപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും തെളിവുകൾ വിലയിരുത്തുന്നതിനും ആഴത്തിലുള്ള നിയമവിശകലനം നടത്തുന്നതിനും എഐയെ ആശ്രയിക്കരുതെന്ന് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എത്ര വികസിതമായ സാങ്കേതികവിദ്യയായാലും എഐയ്ക്ക് മനുഷ്യരുടെ ചിന്താശേഷിയോ മനഃസാക്ഷിയോ ഇല്ലെന്നും ഓരോ കേസിന്റെയും സവിശേഷമായ മാനുഷിക, സാമൂഹിക, നിയമപരമായ സാഹചര്യങ്ങൾ പൂർണമായി മനസ്സിലാക്കാൻ കഴിയില്ലെന്നും പത്ത് പേജുള്ള രേഖ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാർച്ചിൽ കെബെക്കിലെ ഒരു കോടതി വിധിയിൽ നിലവിലില്ലാത്ത മുൻകാല കോടതി ഉത്തരവുകൾ ഉൾപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിധി തയ്യാറാക്കാൻ ജഡ്ജി എഐ ഉപയോഗിച്ചിരിക്കാമെന്ന സംശയത്തെ തുടർന്നായിരുന്നു സംഭവം ചർച്ചയായത്. ഇതിന് പിന്നാലെയാണ് കോടതികളിലെ എഐ ഉപയോഗത്തിന് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരാനുള്ള നടപടികൾ വേഗത്തിലായത്.
എഴുതിയ രേഖകൾ പരിശോധിക്കുക, ഭാഷാപിശകുകൾ തിരുത്തുക, പുനരാഖ്യാനം നടത്തുക, വിവരങ്ങൾ കണ്ടെത്തുക തുടങ്ങിയ പരിമിതമായ ആവശ്യങ്ങൾക്ക് ജഡ്ജിമാർക്ക് എഐ ഉപയോഗിക്കാം. എന്നാൽ ഇത്തരം ഉപയോഗം പൂർണമായും മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണം. എഐ സൃഷ്ടിക്കുന്ന വിവരങ്ങൾ സ്വതന്ത്രമായി പരിശോധിച്ച് കൃത്യത ഉറപ്പാക്കുകയും വേണം.
കോടതി വിധികളിലെ വസ്തുതാപരവും നിയമപരവുമായ കൃത്യതയ്ക്ക് ജഡ്ജിമാർ തന്നെയാണ് ഉത്തരവാദികളെന്നും മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. സാങ്കേതിക സംവിധാനങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തിൽനിന്ന് ജഡ്ജിമാർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും രേഖയിൽ പറയുന്നു.
രഹസ്യസ്വഭാവമുള്ള വിവരങ്ങൾ, തീർപ്പാകാത്ത കേസുകളുമായി ബന്ധപ്പെട്ട കരട് രേഖകൾ, കോടതി ഉത്തരവുകളാൽ സംരക്ഷിക്കപ്പെട്ട വിവരങ്ങൾ എന്നിവ എഐ ടൂളുകളിൽ നൽകുന്നതും കോടതി വിലക്കി. ജഡ്ജിമാർ എഐ ഉപയോഗിക്കുന്ന സാഹചര്യത്തിൽ തങ്ങൾ നൽകുന്ന വിവരങ്ങൾ സിസ്റ്റത്തിന്റെ പരിശീലനത്തിനായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
സംശയമുള്ള സാഹചര്യങ്ങളിൽ ജനറേറ്റീവ് എഐയുടെ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. കോടതികളുടെ സ്വാതന്ത്ര്യവും നീതിയുടെ വിശ്വാസ്യതയും സംരക്ഷിക്കുകയാണ് പുതിയ മാർഗനിർദ്ദേശങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
