ചെന്നൈ: തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം (TVK) പ്രാദേശിക നേതാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ കണ്ണനാണ് കൊല്ലപ്പെട്ടത്. അഡയാറിനും തിരുവൺമിയൂരിനും ഇടയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
പ്രതികാര കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന കണ്ണൻ നേരത്തെ അണ്ണാഡിഎംകെ പ്രവർത്തകനായിരുന്നു. അടുത്തിടെയാണ് ടിവികെയിൽ ചേർന്നത്.

2009ൽ ശിവ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ കണ്ണന് പങ്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
റോഡരികിൽ നിന്ന് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന കണ്ണനെ ഒരു സംഘം ആളുകൾ വളയുന്നതും തുടർന്ന് വാളുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കണ്ണൻ നിലത്തുവീണ ശേഷവും സംഘം ആക്രമണം തുടരുകയായിരുന്നു.
സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം, ഗൂഢാലോചന, മറ്റ് പ്രതികളുടെ പങ്കാളിത്തം എന്നിവ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
