Sunday, September 6, 2026

ജപ്പാനിൽ ട്രെയിൻ തട്ടി മലയാളി മരിച്ച സംഭവം: മൃതദേഹം ജപ്പാനിൽ തന്നെ സംസ്കരിക്കും

കണ്ണൂർ: ജപ്പാനിലെ ഗിഫുവിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനി ദേവികയുടെ മൃതദേഹം ജപ്പാനിൽ തന്നെ സംസ്കരിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നത് ജപ്പാനിലെ നിയമപ്രകാരം സാധ്യമല്ലെന്ന് ബന്ധുക്കളെ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.

കണ്ണൂർ ഇരിക്കൂർ പടിയൂർ സ്വദേശിനിയായ ദേവികയെ സെപ്റ്റംബർ രണ്ടിന് രാത്രി 10.20ഓടെയാണ് ഗിഫുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. നഴ്സിങ് കെയർ വീസയിൽ ആറുമാസം മുമ്പാണ് ദേവിക ജപ്പാനിലെത്തിയത്.

മരണവിവരം അറിഞ്ഞതിന് പിന്നാലെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കുടുംബം ഏജന്റ് മുഖേന ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപകടത്തിൽ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ ജപ്പാനിലെ നിയമപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ബന്ധുക്കളെ അറിയിച്ചു.

ഇന്ത്യൻ എംബസി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് സാധ്യമാകില്ലെന്ന് എംബസി അധികൃതരും വ്യക്തമാക്കി. കുടുംബത്തിന് താൽപര്യമുണ്ടെങ്കിൽ ജപ്പാനിലേക്ക് പോകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ കുടുംബം നിലവിൽ അതിനുള്ള മാനസികാവസ്ഥയിലല്ലെന്നാണ് വിവരം.

നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ ദേവികയുടെ മൃതദേഹം ജപ്പാനിൽ സംസ്കരിക്കും.

ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകളാണ് വി. ദേവിക. ജപ്പാനിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!