തിരുവനന്തപുരം∙ തന്നോട് മോശമായി പെരുമാറിയ കോൺഗ്രസ് നേതാവ് ചേന്തി അനിലിനോട് ക്ഷമിക്കുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ‘ജയിലിൽനിന്ന് ഇറങ്ങിയശേഷം അനിൽ ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം വലുതാവുകയും താൻ ചെറുതാവുകയും ചെയ്തു. അതിനാൽ ക്ഷമിക്കുന്നു. അദ്ദേഹത്തോട് വിരോധമില്ല’–മുഖ്യമന്ത്രി പറഞ്ഞു.

ക്ഷണിച്ച പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ചേന്തി അനിൽ മുഖ്യമന്ത്രിയോടു കയർത്ത് സംസാരിച്ചത്. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. ചെമ്പഴന്തിയിലെ ഗുരുജയന്തി ആഘോഷത്തിൽ പങ്കെടുക്കേണ്ടതിനാൽ എത്താനാവില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് സംഘാടകരെ അറിയിച്ചിരുന്നു.
എന്നാൽ, വൈകിട്ട് പരിപാടി ആരംഭിക്കുന്നതിന് അൽപസമയം മുൻപാണ് വിവരം അറിഞ്ഞത് എന്ന് സംഘാടകർ ആരോപിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. സംഭവത്തിൽ അനിലിനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. ജയിൽ മോചിതനായശേഷമാണ് അനിൽ മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ചത്.
