കൊച്ചി: മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസില്‍ വ്യാപക പരിശോധനയുമായി എസ്ഐടി. സര്‍ക്കാരില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എഡിജിപി പി. വിജയന് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് മജിസ്ട്രേറ്റില്‍ നിന്ന് സര്‍ച്ച് വാറണ്ട് വാങ്ങിയാണ് പരിശോധന നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസ്, ആന്റോ അഗസ്റ്റിന് ഉള്‍പ്പെടെയുള്ള അഗസ്റ്റിന് സഹോദരങ്ങളുടെ വീടുകള്‍, ഇവരുടെ ബന്ധുവീട് എന്നിവിടങ്ങളില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കേസില്‍ ആന്റോ അഗസ്റ്റിന് ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ടാം പ്രതിയുമാണ്. ന്യൂസ് റൂം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടില്ലെന്നും എഡിജിപി വ്യക്തമാക്കി.

തട്ടിപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകളും കരാറുകളും കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കരാറുകള്‍ സുതാര്യമാണെന്ന സ്പോണ്‍സര്‍മാരുടെ അവകാശവാദം തെളിയിക്കുന്ന രേഖകള്‍ കൈമാറാന്‍ കഴിയുമോ എന്നത് കേസില്‍ നിര്‍ണായകമാകും.
