ടൊറന്റോ: രാജ്യത്തെ ഏറ്റവും തിരക്കേറിയ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ സ്വകാര്യ നിക്ഷേപം ഉറപ്പാക്കാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് ടൊറന്റോ പിയേഴ്സണ്‍ വിമാനത്താവള അതോറിറ്റി (GTAA). ടൊറന്റോ പിയേഴ്സണ്‍, മണ്‍ട്രിയോള്‍-ട്രൂഡോ, കാല്‍ഗറി, വന്‍കൂവര്‍ എന്നീ വിമാനത്താവളങ്ങളിലാണ് സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നത്. ടൊറന്റോയില്‍ നടന്ന ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
‘വിമാനത്താവളങ്ങളിലെ ഭാവി നിക്ഷേപങ്ങള്‍ക്കായുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ പദ്ധതിയെ ടൊറന്റോ പിയേഴ്സണ്‍ സ്വാഗതം ചെയ്യുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും തിരക്കേറിയതും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതുമായ പ്രധാന വിമാനത്താവളങ്ങളിലൊന്നായ പിയേഴ്സണിന്റെ ഉത്തരവാദിത്തമുള്ള നടത്തിപ്പ് ഉറപ്പാക്കിക്കൊണ്ട് തന്നെ, സര്‍ക്കാരിന്റെ ദേശീയ നിക്ഷേപ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായുള്ള അടുത്ത ഘട്ടങ്ങളില്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ടൊറന്റോ പിേഴ്സണ് അധികൃതര്‍ അറിയിച്ചു

വിമാനത്താവളങ്ങളുടെ ഭൂമിയുടെയും ആസ്തികളുടെയും ഉടമസ്ഥാവകാശം സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട്, പ്രവര്‍ത്തന നടത്തിപ്പില്‍ പുതിയ മൂലധനവും വൈദഗ്ധ്യവും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതൊരു പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണമല്ലെന്നും, വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം (Concession) നല്‍കുക മാത്രമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, നിലവിലെ ലാഭരഹിത (Not-for-profit) മാതൃക മാറ്റുന്നതിനെതിരെ കനേഡിയന്‍ ലേബര്‍ കോണ്‍ഗ്രസ് ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് തുറന്നുകൊടുക്കുന്നത് കാനഡയിലെ ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്കി.
