വയനാട്: അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി ഡയറക്ടറുമായ ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആന്റോയുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. വൈകുന്നേരം കോടതി സമയം കഴിഞ്ഞും ഇരുഭാഗത്തിന്റെയും വാദപ്രതിവാദങ്ങള്‍ നീണ്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷയിലെ വിധി പ്രസ്താവിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ചത്. മദ്യക്കുപ്പികള്‍ പിടിച്ചെടുത്ത വീട് ആന്റോയുടെ പേരിലുള്ളതല്ലെന്നും മറ്റൊരു സ്ത്രീയുടെ പേരിലുള്ളതാണെന്നുമാണ് പ്രതിഭാഗം പ്രധാനമായും കോടതിയില്‍ വാദിച്ചത്.
ഇന്ന് പുലര്‍ച്ചെ എറണാകുളം കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഓഫീസില്‍ നിന്നാണ് വയനാട് എക്‌സൈസ് സംഘം ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുത്ത് വയനാട്ടിലെത്തിച്ചത്. കേസ് അന്വേഷണത്തിനായി എക്‌സൈസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. സംഭവം കേവലം മദ്യം സൂക്ഷിച്ച കേസ് മാത്രമല്ലെന്നും ഏറെ ഗൗരവമേറിയതാണെന്നും പിടിച്ചെടുത്തവയില്‍ വ്യാജമദ്യവും ഉള്‍പ്പെടുന്നുണ്ടെന്നും എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ വൈ. ഷിബു വ്യക്തമാക്കി. എക്‌സൈസിന്റെ നടപടികള്‍ പൂര്‍ണ്ണമായും നിയമപരമാണെന്ന് എക്‌സൈസ് മന്ത്രി എം. ലിജു പ്രതികരിച്ചു.

85 ലിറ്റര്‍ വിദേശമദ്യം, 6.25 ലിറ്റര്‍ വിദേശനിര്‍മ്മിത വൈന്‍, ഡിഫന്‍സ് കാന്റീനില്‍ നിന്ന് ലഭിക്കുന്ന മദ്യം, ആല്‍ക്കഹോള്‍ അടങ്ങിയ 12 ലിറ്റര്‍ പാനീയം എന്നിവയാണ് എക്‌സൈസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തതെന്ന് എഫ്.ഐ.ആറില്‍ (FIR) പറയുന്നു. കേസില്‍ ആന്റോ അഗസ്റ്റിന്‍ മാത്രമാണ് നിലവില്‍ പ്രതി.
