Thursday, September 17, 2026

ട്രാന്‍സിറ്റ് വിലക്ക് ലംഘിച്ചു; ഭവനരഹിതര്‍ക്ക് 35 മില്യണ്‍ ഡോളറോളം പിഴ ചുമത്തി ETS

എഡ്മിന്റന്‍: എഡ്മിന്റനില്‍ സ്ഥിരമായി വിലാസമില്ലാത്തവര്‍ക്ക് എതിരെ 2025-ല്‍ ട്രാന്‍സിറ്റ് പീസ് ഓഫീസര്‍മാര്‍ (TPO) 3.5 മില്യണ്‍ ഡോളറിലധികം പിഴ ചുമത്തിയതായി വിവരാവകാശ നിയമപ്രകാരം (Access to Information Act) ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ക്രിമിനല്‍ ട്രയല്‍ ലോയേഴ്‌സ് അസോസിയേഷന്‍ (CTLA), എഡ്മിന്റന്‍ കോയലിഷന്‍ ഓണ്‍ ഹൗസിങ്് ആന്‍ഡ് ഹോംലെസ്‌നെസ്, കോയലിഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് (CJHR), ജസ്റ്റിസ് ആന്‍ഡ് ഇക്വിറ്റി ആല്‍ബര്‍ട്ട (JEA) എന്നിവര്‍ ചേര്‍ന്ന പുറത്തുവിട്ട സംയുക്ത റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2018-ന് ശേഷം ഭവനരഹിതര്‍ക്ക് ഏറ്റവും കൂടുതല്‍ ടിക്കറ്റുകളും പിഴയും ചുമത്തിയത് കഴിഞ്ഞ വര്‍ഷമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ട്രാന്‍സിറ്റ് ഏരിയകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് നേരിടുന്നവര്‍ അത് ലംഘിച്ച് പ്രവേശിക്കുമ്പോള്‍ ഓരോ തവണയും 600 ഡോളര്‍ വീതമാണ് പിഴ ഈടാക്കുന്നത്. വിലാസമില്ലാത്ത സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുക്കാന്‍ സാധിക്കാത്ത ഈ പിഴകള്‍ക്കായി നികുതിപ്പണം ചെലവഴിക്കുന്നത് ക്രൂരവും വീടും തൊഴിലും കണ്ടെത്തുന്നതിന് അവര്‍ക്ക് കൂടുതല്‍ തടസ്സം സൃഷ്ടിക്കുന്നതുമാണെന്ന് സി.ജെ.എച്ച്.ആര്‍ (CJHR) പ്രസിഡന്റ് സാം മേസണ്‍ ആരോപിച്ചു.

സെന്ററുകളില്‍ നിന്ന് വാമൊഴിയായോ രേഖാമൂലമോ ആളുകളെ വിലക്കാറുണ്ട്. ചെറിയ ലംഘനങ്ങള്‍ക്കാണ് 1-2 ദിവസത്തെ വാമൊഴി വിലക്ക് നല്‍കുന്നത്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങളില്‍ 3 മാസം മുതല്‍ 2 വര്‍ഷം വരെ നീളുന്ന രേഖാമൂലമുള്ള വിലക്ക് നല്‍കുന്നു. 2025-ല്‍ ഇത്തരത്തില്‍ 647 രേഖാമൂലമുള്ള വിലക്കുകള്‍ നല്‍കിയതില്‍ പകുതിയോളം മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടായിരുന്നു. കൂടാതെ 369 വാമൊഴി വിലക്കുകളും നല്‍കിയിട്ടുണ്ട്.

ലഹരിവിമുക്ത കേന്ദ്രങ്ങളുടെ അഭാവവും സുരക്ഷിതമായ താമസസ്ഥലങ്ങളുടെ കുറവുമാണ് ആളുകളെ പൊതുസ്ഥലങ്ങളെയും ട്രാന്‍സിറ്റ് കേന്ദ്രങ്ങളെയും ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സാം മേസണ്‍ ചൂണ്ടിക്കാട്ടി. അടിയന്തര ഷെല്‍ട്ടറുകള്‍, സ്ഥിരമായ താമസ സൗകര്യങ്ങള്‍, ലഹരിവിമുക്ത കേന്ദ്രങ്ങള്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നഗരസഭയും പ്രവിശ്യാ-ഫെഡറല്‍ സര്‍ക്കാരുകളും കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

അതേസമയം, ട്രാന്‍സിറ്റ് സ്റ്റേഷനുകളെ അടിയന്തര അഭയകേന്ദ്രങ്ങളായി ആളുകള്‍ ഉപയോഗിക്കുന്നത് പ്രയാസകരമായ ചുറ്റുപാടുകള്‍ മൂലമാണെന്ന് മേയര്‍ ആന്‍ഡ്രൂ നാക്ക് പ്രതികരിച്ചു. പാര്‍പ്പിട സൗകര്യങ്ങളും മാനസികാരോഗ്യ-ലഹരിവിമുക്ത സേവനങ്ങളും ഉറപ്പാക്കുകയാണ് ഇതിനുള്ള ശാശ്വത പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു. പ്രവിശ്യയില്‍ ഭവനരഹിതര്‍ക്കായി 227 മില്യണ്‍ ഡോളറിന്റെ പദ്ധതികളും എഡ്മിന്റനില്‍ 2,000 ഷെല്‍ട്ടര്‍ സ്‌പേസുകളും ഒരുക്കിയിട്ടുണ്ടെന്ന് ആല്‍ബര്‍ട്ട സര്‍ക്കാര്‍ അറിയിച്ചു.

അതിനിടെ, ടിക്കറ്റെടുക്കാത്തവരെ തടയാന്‍ എല്‍.ആര്‍.ടി (LRT) സ്റ്റേഷനുകളില്‍ ടേണ്‍സ്‌റ്റൈലുകള്‍ (Turnstiles/Fare gates) സ്ഥാപിക്കുന്നതിനായുള്ള പൈലറ്റ് പ്രൊജക്റ്റിനെക്കുറിച്ച് നഗരസഭ ആലോചിക്കുന്നുണ്ട്. ഇത് നടപ്പിലാക്കുന്നത് വഴി പീസ് ഓഫീസര്‍മാര്‍ക്ക് ടിക്കറ്റ് പിഴ ഈടാക്കുന്നതിന് പകരം കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുമെന്ന് കൗണ്‍സിലര്‍ ജോണ്‍ മോര്‍ഗന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നവംബര്‍ 17-ന് അര്‍ബന്‍ പ്ലാനിങ് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!