മൺട്രിയോൾ: മൺട്രിയോളിൽ ലാച്ചിൻ കനാലിന് (Lachine Canal) സമീപം സ്ഥിതി ചെയ്യുന്ന നൂറിലധികം വർഷം പഴക്കമുള്ള ‘കാനഡ മാൾട്ടിങ്’ (Canada Malting plant) ഫാക്ടറി കെട്ടിടം ഏതുനിമിഷവും തകർന്നു വീഴാവുന്ന അതീവ അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്. പൂർണ്ണമായും തകരാൻ സാധ്യതയുള്ളതിനാൽ കെട്ടിടം ഉടൻ തന്നെ പൊളിച്ചു നീക്കണമെന്ന് പുതിയ സിവിൽ എഞ്ചിനീയറിങ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
കെട്ടിടത്തിന്റെ പ്രധാന കൽച്ചുമരുകൾ (Facade wall) മേൽക്കൂരയിൽ നിന്ന് വേർപെട്ട നിലയിലാണ്. ഇത് മുൻപിലുള്ള സെന്റ്-അംബ്രോസ് സ്ട്രീറ്റിലേക്ക് (St-Ambroise Street) പതിക്കാൻ സാധ്യതയുള്ളതിനാൽ നിയന്ത്രിത സ്ഫോടനത്തിലൂടെ (Controlled demolition) കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റണമെന്നാണ് എഞ്ചിനീയറിങ് സ്ഥാപനമായ STP ING നൽകിയ ശുപാർശ.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി കെട്ടിടത്തിന് ചുറ്റുമുള്ള റോഡുകൾ അധികൃതർ പൂർണ്ണമായും അടയ്ക്കുകയും താൽക്കാലിക സുരക്ഷാ വേലികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

1905-ൽ സ്ഥാപിതമായ ഈ പ്ലാന്റ് പണ്ട് മദ്യനിർമ്മാണത്തിനുള്ള ധാന്യങ്ങൾ സംസ്കരിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. 1980-കളിൽ പ്രവർത്തനം നിർത്തിയ കെട്ടിടം പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇതിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള ചെറിയ ‘പിങ്ക് ഹൗസ്’ (Pink House) മൺട്രിയോളിലെ ഒരു പ്രശസ്തമായ ലാൻഡ്മാർക്കാണ്.
പൈതൃക കെട്ടിടമായതിനാൽ ഇത് സംരക്ഷിക്കാൻ മുൻപ് ശ്രമങ്ങൾ നടന്നിരുന്നെങ്കിലും നിലവിലെ അവസ്ഥയിൽ അത് അസാധ്യമാണെന്നാണ് വിലയിരുത്തൽ. കെട്ടിടം പൊളിച്ചു മാറ്റിയ ശേഷം അവിടുത്തെ ചരിത്രപരമായ പ്രാധാന്യവും പിങ്ക് ഹൗസും നിലനിർത്തിക്കൊണ്ട് പുതിയ ഭവന സമുച്ചയങ്ങൾ നിർമ്മിക്കാനാണ് ഉടമകളായ ‘ഡെവലപ്മെന്റ് ലാ മാൾട്ടേരി’ പദ്ധതിയിടുന്നത്.
പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ തന്നെ കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികൾ നഗരസഭ ആരംഭിക്കുമെന്നാണ് സൂചന.
