ടൊറന്റോ: ടൊറന്റോയിലുള്ള ഉപേക്ഷിക്കപ്പെട്ട ധാന്യശേഖരണ കേന്ദ്രത്തിലെ (Canada Malting Silos) ഭീമന്‍ ഗോപുരങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി വര്‍ണ്ണാഭമായ ഡിജിറ്റല്‍ കാന്‍വാസുകളായി മാറി. നഗരത്തിലെ പ്രശസ്തമായ ‘നുയി ബ്ലാഞ്ച്’ (Nuit Blanche) കലാമേളയുടെ ഭാഗമായി, പരിസ്ഥിതി വ്യതിയാനവും പ്രകൃതിയും വിഷയമാക്കി രണ്ട് കലാസൃഷ്ടികളാണ് ഈ കെട്ടിടങ്ങള്‍ക്ക് മുകളില്‍ പ്രൊജക്റ്റ് ചെയ്തത്. കാനഡയും യൂറോപ്യന്‍ യൂണിയനും (EU) തമ്മില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന നയതന്ത്ര, സാംസ്‌കാരിക ബന്ധത്തിന്റെ പ്രതീകമായാണ് ഒന്റാരിയോ കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ (OCAD) യൂണിവേഴ്‌സിറ്റിയും യൂറോപ്യന്‍ യൂണിയന്‍ ഡെലിഗേഷനും ചേര്‍ന്ന് ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്.
യൂറോപ്യന്‍ യൂണിയനും കാനഡയും തമ്മിലുള്ള ബന്ധം കേവലം സാമ്പത്തിക, ഡിജിറ്റല്‍, വ്യാപാര തലങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും ജനങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ആത്മബന്ധം കൂടി വളര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും കാനഡയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഷെനവിയേവ് തുറ്റ്‌സ് (Geneviève Tuts) വ്യക്തമാക്കി. അടുത്തിടെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് കാനഡയോട് ഇ.യുവിന്റെ ആദ്യ ‘അസോസിയേറ്റ് അംഗം’ (Associate Member) ആകാന്‍ ക്ഷണിച്ചിരുന്നു. പൂര്‍ണ്ണ അംഗത്വം തേടുന്നില്ലെന്ന് വ്യക്തമാക്കിയ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി (Mark Carney), യൂറോപ്പുമായി തികച്ചും വ്യത്യസ്തവും ശക്തവുമായ ഒരു പങ്കാളിത്തത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

യു.എസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തിരിച്ചെത്തിയതിന് ശേഷം അമേരിക്ക തങ്ങളുടെ പരമ്പരാഗത നയതന്ത്ര സഖ്യങ്ങളില്‍ നിന്നും ആഗോള വ്യാപാര സഹകരണങ്ങളില്‍ നിന്നും പിന്‍വാങ്ങുകയും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് കാനഡയും യൂറോപ്യന്‍ യൂണിയനും കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള സുരക്ഷാ വിഷയങ്ങളും ഈ പങ്കാളിത്തത്തെ സ്വാധീനിക്കുന്നുണ്ട്.
സാമ്പത്തിക സഹകരണത്തിന്റെ ഭാഗമായി ജര്‍മ്മന്‍ കമ്പനിയായ തൈസന്‍ക്രൂപ്പ് മരീന്‍ സിസ്റ്റംസില്‍ (TKMS) നിന്ന് 12 പുതിയ അന്തര്‍വാഹിനികള്‍ വാങ്ങാന്‍ കാനഡ ധാരണയിലെത്തിയിട്ടുണ്ട്. കൂടാതെ കാനഡയില്‍ നിന്ന് കാട്ടുതീ അണയ്ക്കാന്‍ ഉപയോഗിക്കുന്ന വാട്ടര്‍ ബോംബറുകള്‍ വാങ്ങാന്‍ യൂറോപ്പും, ബി.സിയിലെ പ്രോജക്റ്റില്‍ നിന്ന് ദ്രവീകൃത പ്രകൃതിവാതകം (LNG) വാങ്ങാന്‍ ജര്‍മ്മന്‍ ഊര്‍ജ്ജ ഭീമനായ യൂണിപറും കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ട്.
ഈ കൂട്ടായ്മയുടെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒക്ടോബര്‍ 29-ന് മോണ്‍ട്രിയോളില്‍ ഉച്ചകോടി നടക്കും. യോഗത്തില്‍ പങ്കടുക്കാന്‍ ഇ.യു നേതാക്കളെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സ്വാഗതം ചെയ്യും. വിതരണ ശൃംഖല, ക്ലീന്‍ എനര്‍ജി എന്നീ മേഖലകളില്‍ സുപ്രധാന കരാറുകളില്‍ നേതാക്കള്‍ ഒപ്പുവെച്ചേക്കും.
