Thursday, October 8, 2026

മാസപ്പടി കേസ്: FIR രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. ബദറുദീനാണ് വിധി പ്രസ്താവിക്കുക. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട കോടതി തീരുമാനം നിർണായകമാകും.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നാണ് ഹർജിക്കാരനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കോടതിയിൽ വാദിച്ചത്. എന്നാൽ, പ്രാഥമിക അന്വേഷണം നടത്തി വസ്തുതകൾ ബോധ്യപ്പെട്ടശേഷം കേസെടുക്കാമെന്ന സുപ്രീംകോടതി വിധികൾ നിലവിലുണ്ടെന്നും അവയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ രേഖകൾ ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു. ഈ രേഖകൾ കൂടി പരിശോധിച്ച ശേഷമാണ് കോടതി വിധി പറയുന്നത്.

കൂടുതൽ പേരുടെ മൊഴിയെടുക്കാൻ എസ്‌ഐടി

സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴിയെടുക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഹസൻ വാരിസ്, ഷൈജൽ എന്നിവരുടെ മൊഴികൾ വിശദമായി പരിശോധിക്കും. മുഹമ്മദ് റിയാസുമായി സാമ്പത്തിക ഇടപാടുകളില്ലെന്നാണ് വാരിസ് വ്യക്തമാക്കിയിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ആവശ്യപ്പെടാൻ എസ്‌ഐടി ഒരുങ്ങുന്നതായാണ് വിവരം. സാമ്പത്തിക ഇടപാടുകളിൽ കൃത്യമായ തെളിവുകളുണ്ടെന്നാണ് ഇ ഡിയുടെ നിലപാട്.

റിയാസിന്റെ സുഹൃത്തുക്കൾക്കും നോട്ടീസ്

മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു. റിയാസ് മന്ത്രിയായിരിക്കെ സമ്പാദിച്ച പണം സുഹൃത്തുക്കൾ മുഖേന വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.

3.28 കോടി രൂപ കൈക്കൂലിയെന്ന ഇ ഡി ആരോപണം

മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് ഇ ഡിയുടെ ആരോപണം. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് റിപ്പോർട്ട് കൈമാറിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!