ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സി.ജെ.പി (CJP) ആഹ്വാനം ചെയ്ത ‘ജന്തര്‍ മന്തര്‍ 2.0’ പ്രക്ഷോഭത്തിന് നേരെ ഡല്‍ഹി പോലീസിന്റെ ശക്തമായ നടപടി. സി.ജെ.പി നേതാക്കളെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. എന്നാല്‍ പോലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മറികടന്നും തലസ്ഥാനത്ത് പ്രതിഷേധം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഡല്‍ഹിയില്‍ ഇതുവരെ മൂവായിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് ലഭ്യമാകുന്ന വിവരം.
വിമാനമിറങ്ങിയ ഉടന്‍ തന്നെ സി.ജെ.പി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക് എന്നിവരെ കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പ്രക്ഷോഭത്തില്‍ പങ്കുചേരാനിരുന്ന പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠിയെ ഗുഡ്ഗാവിലെ വസതിയില്‍ നിന്നും, മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെയും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, ഇടത് പാര്‍ട്ടി നേതാക്കള്‍, ഐസ (AISA) ദേശീയ പ്രസിഡന്റ് നേഹ ബോറ, വിവിധ അഭിഭാഷകര്‍ എന്നിവരെയും ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് നീക്കം ചെയ്തു. അഭിജീത് ദീപ്കെയുടെ അറസ്റ്റിന് പിന്നാലെ സമരം ഏകോപിപ്പിക്കാന്‍ സി.ജെ.പി ഓര്‍ഗനൈസേഷന്‍ ഇന്‍ചാര്‍ജ് അജിന്‍ക്യ ഷിന്‍ഡെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജന്തര്‍ മന്തറിന് സമീപത്തുനിന്ന് മാധ്യമപ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണമുണ്ട്. പോലീസ് ബസിനുള്ളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പ്രസ് കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്തവരുടെ കൃത്യമായ കണക്കുകള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
