ഓട്ടവ: കാനഡയിലെ വിമുക്തഭടന്മാരില്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരകമായ എ.എല്‍.എസ് (അമയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്) രോഗസാധ്യത സാധാരണക്കാരെ അപേക്ഷിച്ച് ഇരട്ടിയാണെന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സൈനികരില്‍ എ.എല്‍.എസ് നിരക്ക് വര്‍ധിക്കാനുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്താനായി 50 ദശലക്ഷം ഡോളറിന്റെ ഗവേഷണ ധനസഹായം അനുവദിക്കണമെന്ന് എ.എല്‍.എസ് സൊസൈറ്റി ഓഫ് കാനഡ ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്കാജനകമാണെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി പ്രതികരിച്ചു. സൈനിക സേവനവും എ.എല്‍.എസും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ നിലവില്‍ ലഭ്യമല്ലെങ്കിലും സര്‍ജന്‍ ജനറല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥര്‍ വിഷയം പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ആവശ്യത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിനായി സേവനമനുഷ്ഠിച്ച സൈനികര്‍ക്കായി സര്‍ക്കാര്‍ ആവശ്യമായ ഗവേഷണ ഫണ്ട് അനുവദിക്കണമെന്ന് കണ്‍സര്‍വേറ്റീവ് പ്രതിനിധി മൈക്കല്‍ ബാരറ്റ് ആവശ്യപ്പെട്ടു.

16 വര്‍ഷം റോയല്‍ കനേഡിയന്‍ നേവിയില്‍ സേവനമനുഷ്ഠിച്ച ശേഷം എ.എല്‍.എസ് ബാധിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 4-ന് അന്തരിച്ച 39-കാരന്‍ ബില്‍ ഡഫ് എന്ന വെറ്ററന്റെ കഥ ഈ വിഷയത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ പ്രത്യേക ആശയവിനിമയ ഉപകരണം വഴി അദ്ദേഹം പങ്കുവെച്ച വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഈ ഗവേഷണ ഫണ്ട് കൊണ്ട് തനിക്ക് ഇനി പ്രയോജനമില്ലെങ്കിലും, മറ്റ് കനേഡിയന്‍ കുടുംബങ്ങള്‍ക്ക് എ.എല്‍.എസിനെതിരായ ചികിത്സയും ആശ്വാസവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഫണ്ടിംഗ് അത്യാവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിലവില്‍ വിമുക്തഭടന്മാരുടെ ആരോഗ്യ ഗവേഷണങ്ങള്‍ക്കായി 10 വര്‍ഷത്തേക്ക് 25 ദശലക്ഷം ഡോളര്‍ അനുവദിച്ചിട്ടുണ്ടെന്ന് വെറ്ററന്‍സ് അഫയേഴ്‌സ് കാനഡ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, സൈനികരിലെ എ.എല്‍.എസ് രോഗസാധ്യത പ്രത്യേകമായി പഠിക്കാന്‍ 50 ദശലക്ഷം ഡോളറിന്റെ പ്രത്യേക ഫണ്ട് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എ.എല്‍.എസ് സൊസൈറ്റി. ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ല.
