ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന സംഘത്തെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. ഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണറുമായി ബന്ധപ്പെട്ട്, കസ്റ്റഡിയിലെടുത്ത ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിനൊരുങ്ങുന്നതിനിടെ കസ്റ്റഡിയിലെടുത്ത മുതിര്‍ന്ന നേതാവിനെ മൂന്നര മണിക്കൂറോളം പോലീസ് വാഹനത്തില്‍ വട്ടംകറക്കിയതായും തുടര്‍ന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാവിലെ 11 മണിയോടെ കസ്റ്റഡിയിലെടുത്ത സംഘത്തെ മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഇതിനിടയില്‍ ഭക്ഷണവും സമയബന്ധിതമായി കഴിക്കേണ്ട മരുന്നുകളും മുടങ്ങിയതായി ഒപ്പമുണ്ടായിരുന്ന നേതാക്കളായ കെ. എന്‍. ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കി. ഡല്‍ഹി പോലീസിന്റെ ഈ പീഡനത്തിനെതിരെ നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചെങ്കിലും പോലീസ് അത് അവഗണിക്കുകയായിരുന്നു.

മുതിര്‍ന്ന നേതാവിനോട് തികച്ചും മോശമായാണ് പോലീസ് പെരുമാറിയതെന്ന് നേതാക്കള്‍ ആരോപിച്ചു. എ.കെ.ജി ഭവനിലേക്കും മറ്റ് പ്രതിഷേധ കേന്ദ്രങ്ങളിലേക്കും പോവുകയായിരുന്ന സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, പി.ബി അംഗം വിജു കൃഷ്ണന്, സി.ഐ.ടി.യു നേതാക്കള്‍, എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് സജി തുടങ്ങിയവരെയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
