ഹാലിഫാക്സ്: സ്റ്റേഡിയങ്ങളിലും വിനോദ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹൈടെക് റോബോട്ടിക് മദ്യ വെന്‍ഡിങ് മെഷീനുകളിലൂടെ അമേരിക്കന്‍ വിപണിയില്‍ ചരിത്രനേട്ടം കുറിച്ച് കനേഡിയന്‍ സ്റ്റാര്‍ട്ടപ്പ്. നോവ സ്കോഷയിലെ ഡാര്‍ട്ട്മൗത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഡിസ്പെന്‍ഷന്‍ ഇന്‍ഡസ്ട്രീസ് ഇന്ക്’ എന്ന കമ്പനിയാണ് കാനഡയുടെ പേര് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്.
അമേരിക്കയിലെ അതിപ്രശസ്തമായ ലോസ് ആഞ്ചലസ് ഡെഡ്ജര്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ച വെറും രണ്ട് വെന്‍ഡിംഗ് മെഷീനുകളിലൂടെ ഒരു വര്‍ഷത്തിനിടെ രണ്ടു ലക്ഷത്തിലധികം അമേരിക്കന്‍ ഡോളറിന്റെ (ഏകദേശം 1.6 കോടിയിലധികം രൂപ) വില്‍പ്പന നടത്താന്‍ കമ്പനിക്ക് സാധിച്ചു. സ്റ്റേഡിയത്തിലെ സര്‍വകാല ഉയര്‍ന്ന വരുമാന നിരക്കാണിത്. ഇതിനുപുറമെ, പ്രശസ്ത എന്‍.എഫ്.എല്‍ ടീമായ ഡെന്‍വര്‍ ബ്രോങ്കോസിന്റെ ഹോം ഗ്രൗണ്ടായ എംപയര്‍ ഫീല്‍ഡിലും കമ്പനി തങ്ങളുടെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും സുരക്ഷിതവും അത്യാധുനികവുമായ സാങ്കേതികവിദ്യയാണ് ഈ വെന്‍ഡിങ് മെഷീനുകളില്‍ ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ തിരിച്ചറിയല്‍ കാര്‍ഡ് മെഷീനില്‍ നല്കുമ്പോള് അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍ ഉപയോഗിച്ച് കാര്‍ഡിന്റെ ആധികാരികത പരിശോധിക്കുന്നു. തുടര്‍ന്ന് ക്യാമറ ഉപയോഗിച്ച് ഉപഭോക്താവിന്റെ മുഖവും ഐ.ഡി കാര്‍ഡിലെ ചിത്രവും തമ്മില്‍ ഒത്തുനോക്കി പ്രായപരിധി ഉറപ്പുവരുത്തിയ ശേഷമാണ് ടിന്നുകളിലാക്കിയ മദ്യം പുറത്തുനല്കുന്നത്. ദുരുപയോഗം തടയുന്നതിനായി തുറന്ന നിലയിലാണ് ക്യാനുകള്‍ മെഷീനില്‍ നിന്ന് പുറത്തുവരുന്നത്.

എന്‍.ബി.എ, എന്‍.എച്ച്.എല്‍, എന്‍.സി.എ.എ തുടങ്ങിയ പ്രമുഖ സ്പോര്‍ട്സ് ലീഗുകളുടെ സ്റ്റേഡിയങ്ങളിലേക്കും സാങ്കേതികവിദ്യ വ്യാപിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഡിസ്പെന്‍ഷന്‍ ഇന്‍ഡസ്ട്രീസ് സ്ഥാപകനും സി.ഇ.ഒയുമായ കോറി യാന്ത വ്യക്തമാക്കി. ആവശ്യത്തിന് അനുസരിച്ച് മെഷീനുകള്‍ നിര്‍മ്മിച്ച് നല്‍കലാണ് നിലവിലെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് ഹാലിഫാക്സിലെ സ്കോട്ടിയാബാങ്ക് സെന്റര്‍, ന്യൂഫൗണ്ട്ലാന്റിലെ മേരി ബ്രൗണ്‍സ് സെന്റര്‍ എന്നിവിടങ്ങളില്‍ ഈ മെഷീനുകള്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇത്തരം കൃത്യതയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഭാവിയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും വെന്‍ഡിങ് മെഷീനുകള്‍ വ്യാപകമാക്കാന്‍ വഴിയൊരുക്കുമെന്ന് ഓട്ടവ കാര്‍ലെറ്റണ്‍ സര്‍വകലാശാലയിലെ പ്രൊഫസറും മദ്യ ചരിത്രകാരനുമായ റോഡ് ഫിലിപ്സ് അഭിപ്രായപ്പെട്ടു.
കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും താരിഫ് പ്രതിസന്ധികളും നിലനില്‍ക്കുന്ന സമയത്താണ് ഒരു കനേഡിയന്‍ സ്റ്റാര്‍ട്ടപ്പ് അമേരിക്കന്‍ വിപണിയില്‍ ഈ വലിയ വിജയം നേടുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. തങ്ങള്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ വ്യാപാര നികുതികള്‍ക്കും അതീതമായി വിജയം കൈവരിക്കുമെന്നും കോറി യാന്ത ആത്മവിശ്വാസം പ്രകടിപ്പിച്ചു.
