വൻകൂവർ: വർഷത്തിൽ രണ്ടുതവണ ഘടികാരത്തിലെ സമയം മാറ്റുന്ന പതിവ് അവസാനിപ്പിച്ച് ബ്രിട്ടീഷ് കൊളംബിയ. നവംബർ 1 മുതൽ സ്ഥിരമായ സമയക്രമത്തിലേക്ക് മാറുന്നു. പുതിയ മാറ്റത്തോടെ പ്രവിശ്യയിൽ വർഷം മുഴുവൻ ഒരേ സമയക്രമം തുടരും. ഇതോടെ വേനൽക്കാലത്തും ശൈത്യകാലത്തും ക്ലോക്കിന്റെ സമയം മുന്നോട്ടും പിന്നോട്ടും മാറ്റേണ്ടതില്ല.
പുതിയ സമയക്രമം പ്രാബല്യത്തിൽ വരുന്നതോടെ അയൽ പ്രദേശങ്ങളുമായുള്ള സമയവ്യത്യാസത്തിലും മാറ്റമുണ്ടാകും. ആൽബർട്ടയിലെ സമയത്തോട് തുല്യമായിരിക്കുമ്പോൾ ഒന്റാരിയോയേക്കാൾ രണ്ട് മണിക്കൂർ പിന്നിലായിരിക്കും ബി.സി. യൂകോണിനെയും വാഷിങ്ടണിനെയും അപേക്ഷിച്ച് ഒരു മണിക്കൂർ മുന്നിലും അലാസ്കയേക്കാൾ രണ്ട് മണിക്കൂർ മുന്നിലുമായിരിക്കും പുതിയ സമയക്രമം.
സമയമാറ്റം പൊതുമേഖലയിലെ നിരവധി ജീവനക്കാരുടെ ജോലി സമയത്തെയും ഷിഫ്റ്റുകളെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ, നികുതി ഏജൻസികളുടെ കോൾ സെന്റർ ജീവനക്കാർ, പാർക്ക് വാർഡന്മാർ, വിമാനത്താവള ജീവനക്കാർ തുടങ്ങിയവരുടെ ജോലിസമയത്തിൽ മാറ്റങ്ങൾ വരും.
നികുതി ഏജൻസിയിലെ ജീവനക്കാരുടെ ഡ്യൂട്ടി സമയം വൈകിട്ട് അഞ്ചിൽനിന്ന് ആറിലേക്ക് മാറുന്നത് കുടുംബജീവിതത്തെയും കുട്ടികളുടെ സംരക്ഷണ ചുമതലകളെയും ബാധിക്കുമെന്ന് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (PSAC) വ്യക്തമാക്കി.

അതേസമയം, പുതിയ സമയക്രമം പ്രഭാതങ്ങളിൽ കൂടുതൽ നേരം ഇരുട്ട് നിലനിൽക്കാൻ ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇത് നിർമാണത്തൊഴിലാളികൾ, അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ജോലിക്കെത്തുന്നതിലും ജോലി നിർവഹിക്കുന്നതിലും വെല്ലുവിളിയാകാമെന്നാണ് വിലയിരുത്തൽ.
എന്നാൽ വർഷത്തിൽ രണ്ടുതവണ സമയം മാറ്റുന്നത് കുട്ടികളുടെ ഉറക്കത്തെയും ശരീരത്തിന്റെ സ്വാഭാവിക സമയക്രമത്തെയും ബാധിക്കുന്നുണ്ടെന്നും സ്ഥിരമായ സമയക്രമം ഈ ബുദ്ധിമുട്ടുകൾ കുറയ്ക്കുമെന്നും മാറ്റത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
2019ൽ ബ്രിട്ടീഷ് കൊളംബിയയിൽ നടത്തിയ പൊതുജന സർവേയിൽ 93 ശതമാനത്തിലധികം പേർ സ്ഥിരമായ സമയക്രമത്തെ പിന്തുണച്ചിരുന്നു. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പ്രവിശ്യയിലെ ദൈനംദിന ജീവിതത്തിലും തൊഴിൽക്രമത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ വരും മാസങ്ങളിൽ കൂടുതൽ വ്യക്തമാകും.
