ഡൽഹി: ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഇരുവരുടെയും കസ്റ്റഡി സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് നീട്ടിയത്. ഇതോടെ നേതാക്കൾ ജയിലിൽ തുടരും.
ഒക്ടോബർ 13നാണ് ഡൽഹി പൊലീസ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിന് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളുടെ പട്ടികയിൽനിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിയതിനെതിരെയായിരുന്നു സിജെപിയുടെ പ്രതിഷേധം. സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ച് അടച്ച ജന്തർ മന്തറിലേക്ക് പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് കടന്നാണ് നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധം നടത്തിയത്.
അറസ്റ്റിന് പിന്നാലെ അടുത്ത ദിവസം ഇരുവരെയും കോടതിയിൽ ഹാജരാക്കി. തുടർന്ന് മന്ദിർ മാർഗിലെ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിന്നീട് ഇരുവരെയും തിഹാർ ജയിലിലേക്ക് മാറ്റി.

അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞിട്ടും ജാമ്യാപേക്ഷ കോടതി പരിഗണിക്കാതിരുന്നതിൽ സിജെപി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്.
അതിക്രമിച്ചുകടക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, സമാധാനപാലനത്തിനായി നൽകിയ ബോണ്ട് ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് നേതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
നേരത്തേ, അഭിജീത് ദീപ്കെയ്ക്കൊപ്പം വിമാനയാത്രയ്ക്കിടെ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഉപാധികളോടെ വിട്ടയക്കുകയായിരുന്നു.
