Wednesday, October 21, 2026

വീടുകൾ വാങ്ങിക്കൂട്ടി വൻകിട നിക്ഷേപകർ; GTHAയില്‍ കോണ്ടോ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടം

ടൊറന്റോ: ഗ്രേറ്റര്‍ ടൊറന്റോ ആന്‍ഡ് ഹാമില്‍ട്ടണ്‍ ഏരിയയില്‍ (GTHA) പുതിയ കോണ്ടോകളുടെ (Condo) വില്‍പ്പന വര്‍ധിക്കുന്നതില്‍ വന്‍കിട ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പുകള്‍ നടത്തുന്ന ബള്‍ക്ക് പര്‍ച്ചേസുകള്‍ (കൂട്ടത്തോടെയുള്ള വാങ്ങലുകള്‍) നിര്‍ണായക പങ്കുവഹിക്കുന്നതായി റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് റിസര്‍ച്ച് സ്ഥാപനമായ അര്‍ബനേഷന്‍ (Urbanation) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2026-ന്റെ മൂന്നാം പാദത്തില്‍ (Q3) ജി.ടി.എച്ച്.എ മേഖലയില്‍ പുതിയ കോണ്ടോ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി 760 യൂണിറ്റുകളിലെത്തി. നികുതി ഇളവുകളും (HST relief) വന്‍കിട നിക്ഷേപകര്‍ കൂട്ടത്തോടെ ഫ്‌ലാറ്റുകള്‍ വാങ്ങിക്കൂട്ടുന്നതുമാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. മൂന്നാം പാദത്തിലെ ആകെ വില്‍പ്പനയുടെ 45 ശതമാനവും (339 യൂണിറ്റുകള്‍) ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പുകള്‍ നടത്തിയ ബള്‍ക്ക് ഇടപാടുകളിലൂടെയായിരുന്നു. പണിപൂര്‍ത്തിയായ കെട്ടിടങ്ങളിലെ 648 യൂണിറ്റുകളാണ് ഇക്കാലയളവില്‍ വിറ്റഴിഞ്ഞത്. ഇത് ആകെ പുതിയ കോണ്ടോ വില്‍പ്പനയുടെ 85 ശതമാനമെന്ന റെക്കോര്‍ഡ് കണക്കാണ്.

അഞ്ചു വര്‍ഷം മുമ്പ് നിര്‍മ്മാണത്തിന് മുമ്പേ (Pre-construction) കോണ്ടോകള്‍ ബുക്ക് ചെയ്ത പലര്‍ക്കും ഉയര്‍ന്ന പലിശ നിരക്കും വിലയിടിവും കാരണം ഇപ്പോള്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ (Close) സാധിക്കുന്നില്ലെന്ന് മൂവ് സ്മാര്‍ട്ട്ലി റിയല്‍റ്റി പ്രസിഡന്റ് ജോണ്‍ പസാലിസ് ചൂണ്ടിക്കാട്ടി. മോര്‍ഗേജ് ലഭിക്കാത്തതിനാലും വാങ്ങിയ വിലയേക്കാള്‍ നിലവിലെ മാര്‍ക്കറ്റ് വില കുറഞ്ഞതിനാലും പലരും കരാറുകളില്‍ നിന്ന് പിന്മാറി. ഇതോടെ ആയിരക്കണക്കിന് ഫ്‌ലാറ്റുകള്‍ വിറ്റഴിക്കാനാകാതെ നിര്‍മ്മാതാക്കളുടെ പക്കല്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്.

ശൂന്യമായി കിടക്കുന്ന ഫ്‌ലാറ്റുകളുടെ ചുമതലയും സാമ്പത്തിക ഭാരവും ഒഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ വന്‍ വിലക്കിഴിവ് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. സാധാരണ ഉപഭോക്താക്കള്‍ ഫ്‌ലാറ്റുകള്‍ വാങ്ങാന്‍ മടിക്കുന്ന സാഹചര്യത്തില്‍, ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പുകള്‍ ഈ അവസരം മുതലാക്കി വന്‍കിട ഡിസ്‌കൗണ്ടില്‍ ബള്‍ക്കായി കോണ്ടോകള്‍ വാങ്ങി വാടകയ്ക്ക് നല്‍കുകയാണ്. അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ വില ഉയരുമ്പോള്‍ മറിച്ചുവിറ്റ് ലാഭമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. ചെറുകിട ഫാമിലി ഓഫീസുകള്‍ മുതല്‍ ഹൈ ആര്‍ട്ട് ക്യാപിറ്റല്‍ (High Art Capital), ജെസ്റ്റ ഗ്രൂപ്പ് (Jesta Group) തുടങ്ങിയ പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് കമ്പനികള്‍ വരെ ആയിരക്കണക്കിന് യൂണിറ്റുകളാണ് ഇത്തരത്തില്‍ വാങ്ങിക്കൂട്ടുന്നത്.

ബള്‍ക്ക് പര്‍ച്ചേസുകള്‍ വഴി വിറ്റഴിക്കപ്പെടാത്ത ഫ്‌ലാറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെങ്കിലും, വിപണി പൂര്‍ണ്ണമായി തിരിച്ചുവന്നിട്ടില്ലെന്ന് അര്‍ബനേഷന്‍ പ്രസിഡന്റ് ഷാന്‍ ഹില്‍ഡെബ്രാന്‍ഡ് വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളിലെ മൂന്നാം പാദ ശരാശരിയേക്കാള്‍ 78 ശതമാനം താഴെയാണ് ഇപ്പോഴത്തെ വില്‍പ്പന. പുതിയ പ്രീ-കണ്‍സ്ട്രക്ഷന്‍ കോണ്ടോകളുടെ വില്‍പ്പന തുടര്‍ച്ചയായ 12-ാം പാദത്തിലും ഇടിവ് രേഖപ്പെടുത്തി. നിര്‍മ്മാണച്ചെലവും വിപണിയിലെ ജനങ്ങളുടെ വാങ്ങല്‍ ശേഷിയും തമ്മില്‍ വലിയ വ്യത്യാസമുള്ളതിനാല്‍ പുതിയ കോണ്ടോ നിര്‍മ്മാണങ്ങള്‍ കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഇത് ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ മേഖലയില്‍ കടുത്ത ഭവനക്ഷാമത്തിന് വഴിതെളിച്ചേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!