Wednesday, October 21, 2026

തോക്ക് നിയമങ്ങളിലെ പുനഃപരിശോധനയില്‍ അനിശ്ചിതത്വം; ഉപദേശകസമിതി യോഗം ഇതുവരെ ചേര്‍ന്നിട്ടില്ല

ഓട്ടവ: എസ്.കെ.എസ് (SKS) റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള തോക്കുകളുടെ വര്‍ഗ്ഗീകരണം പുനഃപരിശോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സാങ്കേതിക ഉപദേശക സമിതിയുടെ (Technical Advisory Group) ആദ്യ യോഗം ഈ വരുന്ന ശരത്കാലത്ത് (Autumn) ചേരുമെന്ന് പബ്ലിക് സേഫ്റ്റി കാനഡ അറിയിച്ചു. പുനഃപരിശോധന പ്രഖ്യാപിച്ച് ഒരു വര്‍ഷത്തോളമാകുമ്പോഴാണ് ഉപദേശക സമിതിയുടെ യോഗം ചേരുന്നത്.

ബ്രിട്ടിഷ് കൊളംബിയയിലെ ടംബ്ലര്‍ റിഡ്ജില്‍ ഫെബ്രുവരി 10-ന് നടന്ന വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ പതിനെട്ടുകാരി ജെസ്സി വാന്‍ റൂട്ട്‌സെലാര്‍ എസ്.കെ.എസ് റൈഫിളിനെക്കുറിച്ച് സംസാരിച്ചിരുന്നതായി യു.എസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ലിബറല്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷവും തോക്ക് വിരുദ്ധ സംഘടനകളും വിമര്‍ശനം കടുപ്പിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സംഭവത്തില്‍ ഉപയോഗിച്ച തോക്കുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ കനേഡിയന്‍ പൊലീസ് (RCMP) തയ്യാറായിട്ടില്ല.

കാനഡയില്‍ പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവങ്ങളിലും പ്രമുഖ വെടിവെപ്പ് കേസുകളിലും മുമ്പും എസ്.കെ.എസ് റൈഫിളുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, പ്രാദേശിക ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ (Indigenous communities) ഇരപിടിക്കാനും ഭക്ഷണത്തിനുമായി ഇത് വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്. സാങ്കേതിക ഉപദേശക സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ച ശേഷം മാത്രമേ എസ്.കെ.എസ് റൈഫിളുകളുടെ നിരോധനം സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. 2020 മേയ് മാസത്തിന് ശേഷം യുദ്ധത്തിന് മാത്രം ഉപയോഗിക്കുന്ന 2,500 ഓളം ഇനം തോക്കുകള്‍ സര്‍ക്കാര്‍ നിരോധിച്ചുവെങ്കിലും എസ്.കെ.എസ് റൈഫിളിനെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

എസ്.കെ.എസ് റൈഫിളുകളുടെ പുതിയ വില്‍പ്പന ഉടനടി നിരോധിക്കണമെന്നും, ആധുനിക അസാള്‍ട്ട് റൈഫിളുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്നും തോക്ക് വിരുദ്ധ സംഘടനയായ ‘പോളിസെസുവനിയന്റ്’ (PolySeSouvient) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗോത്രവര്‍ഗ്ഗക്കാരായ വേട്ടക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. പുതിയ സമിതികളെയും ചര്‍ച്ചകളെയും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നടപടികള്‍ വൈകിപ്പിക്കുകയാണെന്നും ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും സംഘടന കുറ്റപ്പെടുത്തി.

അതേസമയം, ടംബ്ലര്‍ റിഡ്ജ് വെടിവെപ്പില്‍ ഏത് തരത്തിലുള്ള തോക്കാണ് ഉപയോഗിച്ചതെന്നും അത് എങ്ങനെയാണ് കൈവശപ്പെടുത്തിയതെന്നും വ്യക്തമാകുന്നതിന് മുമ്പ് പുതിയ തോക്കുകള്‍ നിരോധിക്കുന്നത് കൊണ്ട് ഇത്തരം സംഭവങ്ങള്‍ തടയാനാകില്ലെന്ന് കനേഡിയന്‍ ഷൂട്ടിംഗ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!