ഓട്ടവ: കാനഡയിലെ വിവിധ ഫെഡറൽ, പ്രവിശ്യാ ആനുകൂല്യങ്ങളുടെ 2027ലെ പേയ്‌മെന്റ് തീയതികൾ കാനഡ റവന്യൂ ഏജൻസി (CRA) പ്രസിദ്ധീകരിച്ചു. കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB), ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ്, വർക്കേഴ്‌സ് ബെനിഫിറ്റ് തുടങ്ങി ആറ് പ്രധാന പദ്ധതികളുടെ തീയതികളാണ് പുറത്തുവിട്ടത്.
കുറഞ്ഞ വരുമാനക്കാർക്കുള്ള ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ് ജനുവരി 5, ഏപ്രിൽ 5, ജൂലൈ 5, ഒക്ടോബർ 5 തീയതികളിൽ ലഭിക്കും. വർക്കേഴ്‌സ് ബെനിഫിറ്റിന്റെ മുൻകൂർ പേയ്‌മെന്റുകൾ ജനുവരി 12, ജൂലൈ 12, ഒക്ടോബർ 12 തീയതികളിലാണ്.
കുട്ടികളുള്ള കുടുംബങ്ങൾക്ക് നൽകുന്ന കാനഡ ചൈൽഡ് ബെനിഫിറ്റ് എല്ലാ മാസവും ലഭിക്കും. ജനുവരി 20-നാണ് ആദ്യ പേയ്‌മെന്റ്. ഡിസംബർ 13-നാണ് അവസാന ഗഡു നിശ്ചയിച്ചിരിക്കുന്നത്.

ഒന്റാരിയോ ട്രിലിയം ബെനിഫിറ്റ് പ്രതിമാസവും ആൽബർട്ട ചൈൽഡ് ആൻഡ് ഫാമിലി ബെനിഫിറ്റ് ഫെബ്രുവരി, മേയ്, ഓഗസ്റ്റ്, നവംബർ മാസങ്ങളിലും ലഭിക്കും. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഡിസെബിലിറ്റി ബെനിഫിറ്റും പ്രതിമാസമായാണ് വിതരണം ചെയ്യുക.
ആനുകൂല്യങ്ങൾ മുടങ്ങാതെ ലഭിക്കാൻ അർഹരായവർ ഓരോ വർഷവും നികുതി റിട്ടേൺ സമർപ്പിക്കണം. വരുമാനം, കുടുംബ സാഹചര്യം, വിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയിലെ മാറ്റങ്ങളും CRA അക്കൗണ്ടിൽ പുതുക്കണം.
അതേസമയം, CPP, OAS പെൻഷനുകൾ CRA വഴിയല്ല, സർവീസ് കാനഡ വഴിയാണ് വിതരണം ചെയ്യുന്നത്.
