വന്‍കൂവര്‍: ബ്രിട്ടീഷ് കൊളംബിയ തീരപ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്. കനത്ത മഴയും ശക്തമായ കാറ്റും ‘കിങ് ടൈഡ്’ (King Tide) എന്നറിയപ്പെടുന്ന അതിശക്തമായ വേലിയേറ്റവും ഒന്നിച്ചെത്തിയതോടെ മുന്നറയിപ്പ് നല്‍കിയത്. മെട്രോ വന്‍കൂവര്‍ മുതല്‍ വന്‍കൂവര്‍ ഐലന്‍ഡ് വരെയുള്ള തീരദേശ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സാഹചര്യം ഗുരുതരമായതോടെ സ്ക്വാമിഷില്‍ (Squamish) പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വേലിയേറ്റത്തെ നേരിടുന്നതിനായി സ്ക്വാമിഷില്‍ മണല്‍ച്ചാക്കുകള്‍ നിരത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 2022-ലുണ്ടായ സമാനമായ വേലിയേറ്റത്തില്‍ സ്ക്വാമിഷ് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു. സ്ഥിതിഗതികള്‍ വഷളായാല്‍ സ്വകാര്യ ഭൂമികളില്‍ പ്രവേശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനും താമസക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കാനും അടിയന്തരാവസ്ഥയിലൂടെ അധികൃതര്‍ക്ക് പ്രത്യേക അധികാരം ലഭിക്കുമെന്ന് മേയര്‍ ഷോണ്‍ ഈസ്റ്റണ്‍ വ്യക്തമാക്കി.

ശക്തമായ കാറ്റും വേലിയേറ്റവും ഒന്നിക്കുന്നതിനാല്‍ സാധാരണ ഉയര്‍ന്ന വേലിയേറ്റത്തേക്കാള്‍ 20 മുതല്‍ 50 സെന്റീമീറ്റര്‍ വരെ അധികം ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ‘എന്‍വയോണ്‍മെന്റ് കാനഡ’ (Environment Canada) കാലാവസ്ഥാ നിരീക്ഷക ക്ലോയി കാറ്റ്സാഡെമാസ് മുന്നറിയിപ്പ് നല്കി. വന്‍കൂവര്‍ ഐലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്ത് കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. ക്യൂക്വോട്ട് (Kyuquot) മേഖലയില്‍ ശക്തമായ തിരമാലകളില്‍ ബോട്ട് ജെട്ടി പൂര്‍ണ്ണമായും തകര്‍ന്നതായും, സമീപത്തെ വീടുകള്‍ക്ക് ഭീഷണിയായതായും പ്രദേശവാസികള്‍ അറിയിച്ചു. 50 അടിയോളം ഉയരമുള്ള തിരമാലകള്‍ വീടുകള്‍ക്ക് നേരെ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് വളര്‍ത്തുമൃഗങ്ങളെയടക്കം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വന്നു.
വന്‍കൂവര്‍ ഐലന്‍ഡിലും സൗത്ത് കോസ്റ്റിലും യാത്രാ മുന്നറിയിപ്പ് തുടരുകയാണ്. പോര്‍ട്ട് ആല്ബെര്ണിക്ക് സമീപം പാറക്കല്ലുകള്‍ ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ഹൈവേ 4 താല്‍ക്കാലികമായി അടച്ചു. വ്യാഴാഴ്ച രാവിലെയോടെ വേലിയേറ്റം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നതിനാല് തീരദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും, ആരും കടലിലേക്കോ ജലാശയങ്ങളിലേക്കോ ഇറങ്ങരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
