Saturday, November 28, 2026

രാജാവിനോടുള്ള സത്യപ്രതിജ്ഞ വേണോ? കെബെക്ക് സർക്കാരിന്റെ ഹർജിയിൽ നിർണായക വിധി തിങ്കളാഴ്ച

മൺട്രിയോൾ: രാജാവിനോടുള്ള സത്യപ്രതിജ്ഞ ചെയ്യാതെ ജനപ്രതിനിധികൾക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന കെബെക്ക് സർക്കാരിന്റെ ഹർജിയിൽ കെബെക്ക് അപ്പീൽ കോടതി തിങ്കളാഴ്ച വിധി പറയും. ചൊവ്വാഴ്ച നിയമസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കെ പുറത്തുവരുന്ന കോടതി തീരുമാനം രാഷ്ട്രീയമായി നിർണായകമാകും.

2022-ൽ കെബെക്ക് സർക്കാർ പാസാക്കിയ നിയമത്തിലൂടെ ജനപ്രതിനിധികൾക്ക് രാജാവിനോടുള്ള സത്യപ്രതിജ്ഞ ഒഴിവാക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, കാനഡയുടെ ഭരണഘടനയിലെ 128-ാം വകുപ്പ് പ്രകാരം രാജാവിനോടുള്ള കൂറ് പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്യേണ്ടത് നിർബന്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപീരിയർ കോടതി നിയമം സ്റ്റേ ചെയ്തു. ഈ ഉത്തരവിനെതിരെയാണ് പാർട്ടി കെബെക്കോയിസ് സർക്കാർ അപ്പീൽ നൽകിയത്.

അപ്പീൽ പരിഗണിക്കാൻ അനുമതി നൽകണമോ, അപ്പീലിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ കീഴ്ക്കോടതി ഉത്തരവ് താൽക്കാലികമായി മരവിപ്പിക്കണമോ എന്നീ കാര്യങ്ങളിലാണ് അപ്പീൽ കോടതി തീരുമാനമെടുക്കുക. അപ്പീലിന് അനുമതി ലഭിച്ചാൽ ജനുവരി 11-ന് വിശദമായ വാദം കേൾക്കും.

നിയമസഭാ നടപടികൾ തടസ്സപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങൾ പരിഗണിക്കാതെയാണ് കീഴ്ക്കോടതി ഉത്തരവിറക്കിയതെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ മിഷേൽ ഡിയോം വാദിച്ചു. എന്നാൽ, ഭരണഘടനയിലെ വ്യവസ്ഥ വ്യക്തമായതിനാൽ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങാതെ സർക്കാരിന്റെ ആവശ്യം തള്ളണമെന്നായിരുന്നു ഹർജിക്കാരിലൊരാളായ ഓട്ടവ സർവകലാശാലയിലെ നിയമ പ്രൊഫസർ ലോറൻസ് ഡേവിഡിന്റെ വാദം.

ഒക്ടോബറിൽ തിരഞ്ഞെടുക്കപ്പെട്ട 127 നിയമസഭാംഗങ്ങളും ഇതുവരെ രാജാവിനോടുള്ള കൂറ് പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. പകരം കെബെക്കിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് അവർ പ്രഖ്യാപിച്ചത്. ഇതോടെ നിയമസഭാ നടപടികൾ പുനരാരംഭിക്കുന്നതിൽ പ്രതിസന്ധി നിലനിൽക്കുകയാണ്.

തർക്കം കനേഡിയൻ ഭരണഘടനയിലെ പോരായ്മകളാണ് തുറന്നുകാട്ടുന്നതെന്ന് കെബെക്ക് പ്രീമിയർ പോൾ സെന്റ്-പിയറി പ്ലാമണ്ടൻ പ്രതികരിച്ചു. ഏകകണ്ഠമായി പാസാക്കിയ നിയമത്തിന്റെ പേരിൽ നിയമസഭാ പ്രവർത്തനം സ്തംഭിക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജാവിനോടുള്ള സത്യപ്രതിജ്ഞയില്ലാതെ നിയമസഭാ നടപടികൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുകയും ചെയ്തു.

കെബെക്ക് സോളിഡെയറിന്റെ പാർലമെന്ററി നേതാവ് റൂബ ഗസൽ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ തയ്യാറായെങ്കിലും ലിബറൽ, കൺസർവേറ്റീവ് പാർട്ടികൾ ഇതിന് വിസമ്മതിച്ചു. കോടതി ഉത്തരവ് ലംഘിച്ച് നിയമസഭയിൽ ഇരിക്കാൻ തയ്യാറല്ലെന്നാണ് ഇരു പാർട്ടികളുടെയും നിലപാട്.

ലിബറൽ നേതാവ് ചാൾസ് മില്യാർഡിനെയും കൺസർവേറ്റീവ് നേതാവ് എറിക് ദുഹൈമിനെയും പ്രീമിയർ വിമർശിച്ചു. ഡിസംബർ ഒന്നിന് നിശ്ചയിച്ച പ്രകാരം നിയമസഭാ സമ്മേളനം ആരംഭിക്കുമെന്നും ചൊവ്വാഴ്ച നിർണായക സംഭവവികാസങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!