ഓട്ടവ : ചൊവ്വാഴ്ച ഓട്ടവ സൗത്ത് കീസിലെ ഗാരേജിലുണ്ടായ തീപിടിത്തത്തിൽ അഗ്നിശമന സേനാംഗം ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. വൈകിട്ട് നാലരയോടെ സൗത്ത് ഗേറ്റ് റോഡിലുള്ള ടൗൺഹോമിലെ ഗാരേജിലാണ് തീപിടിത്തം ഉണ്ടായത്. ഗാരേജിലെ ഇലക്ട്രിക് ബൈക്കിൻ്റെ ചാർജറിൽ നിന്നായിരിക്കാം തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വീട്ടിലെ വളർത്തുമൃഗങ്ങൾ ഉൾപ്പെടെ എല്ലാവരെയും സുരക്ഷിതമായി വീട്ടിൽ നിന്ന് രക്ഷപ്പെടുത്തി.

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോൾ തീ വീടിൻ്റെ മറ്റു ഭാഗങ്ങളിലേക്കും പടരാൻ തുടങ്ങിയതായി കണ്ടെത്തി. അടുത്തുള്ള വീടുകളിലേക്ക് തീ പടരുന്നത് തടഞ്ഞ അഗ്നിശമന സേനാംഗങ്ങൾ അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിൽ ആകെ അഞ്ച് പേർക്ക് പരിക്കേറ്റതായി പാരാമെഡിക്കുകൾ പറയുന്നു. പുക ശ്വസിച്ച് ശ്വാസതടസ്സം നേരിട്ട വീടിനുള്ളിലുണ്ടായിരുന്ന നാല് പേരെ സംഭവസ്ഥലത്ത് വെച്ച് ചികിത്സ നൽകി വിട്ടയച്ചു. ഒരു അഗ്നിശമന സേനാംഗത്തിന് നിസാര പരുക്കുകൾ പറ്റിയെങ്കിലും ആശുപത്രിയിലേക്ക് മാറ്റി.
