ടൊറൻ്റോ : സ്കാർബ്റോയിൽ മോഷ്ടിച്ച വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റതായി ടൊറൻ്റോ പൊലീസ് സർവീസ് (ടിപിഎസ്) അറിയിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെ എഗ്ലിൻ്റൺ അവന്യൂവിനും ബ്രിംലി റോഡിനും സമീപമാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഉൾപ്പെട്ട ഒരു വാഹനം മോഷ്ടിച്ചതാണെന്ന് പൊലീസ് അറിയിച്ചു.

അപകടത്തിൽ ഒരു വാഹനത്തിലുണ്ടായിരുന്ന നാല് പേർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റതായി ടൊറൻ്റോ പാരാമെഡിക് സർവീസസ് അറിയിച്ചു. അപകടത്തിൽപ്പെട്ട മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റതായി പാരാമെഡിക്കുകൾ പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും കസ്റ്റഡിയിൽ എടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന്റെ (എസ്ഐയു) നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
