മോണ്ടെബെല്ലോ : യുഎസിൻ്റെ സുവർണ്ണകാല അഭിലാഷങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ ഊർജ്ജം, മിനറൽസ്, വിഭവങ്ങൾ എന്നിവ നൽകാൻ കാനഡ തയ്യാറാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഡോണൾഡ് ട്രംപ് കാനഡയ്ക്ക് താരിഫ് ചുമത്തിയാൽ രാജ്യം പ്രതികരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കനേഡിയൻ ഉദ്യോഗസ്ഥർക്കും ബിസിനസുകൾക്കും ഇടയിൽ അനിശ്ചിതത്വവും ആശങ്കയും സൃഷ്ടിച്ച ട്രംപിൻ്റെ നിരന്തരമായ താരിഫ് ഭീഷണികൾക്കുള്ള മുന്നറിയിപ്പായിരുന്നു ട്രൂഡോയുടെ പ്രസ്താവന.
“എല്ലാം മേശപ്പുറത്തുണ്ട്” എന്ന് പറഞ്ഞ ട്രൂഡോ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. അതേസമയം, ഒരു വ്യാപാര പങ്കാളി എന്ന നിലയിൽ വിശ്വാസ്യത പ്രകടിപ്പിക്കാൻ ഫെഡറൽ സർക്കാർ ശ്രദ്ധ ചെലുത്തും. അധികാരത്തിലേറിയ ആദ്യ ദിവസം തന്നെ താരിഫുകൾ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ്, ഫെബ്രുവരി ഒന്നിന് കാനഡയിലും മെക്സിക്കോയിലും 25% താരിഫ് നിലവിൽ വരുമെന്ന് പിന്നീട് പ്രഖ്യാപിച്ചിരുന്നു.

താരിഫുകൾ നിരുത്സാഹപ്പെടുത്താനുള്ള ശ്രമത്തിൽ ഫെഡറൽ സർക്കാർ ഇതിനകം തന്നെ അതിർത്തി സുരക്ഷയ്ക്കായി 130 കോടി ഡോളർ അനുവദിച്ചു. ഓയിൽ ആൻഡ് ഗ്യാസ് മേഖലയെ ബാധിക്കുന്ന ട്രംപ് നടപടികളെ പിന്തുണയ്ക്കാൻ ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വിസമ്മതിച്ചെങ്കിലും താരിഫുകൾക്കെതിരായ ഏകീകൃത നിലപാടിനെ ഭൂരിഭാഗം പ്രീമിയർമാരും പിന്തുണച്ചിരുന്നു.
