ടൊറന്റോ : ലിബറൽ നേതൃത്വ സംവാദത്തിന്റെ രണ്ടാം ദിനം യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ട് സ്ഥാനാർത്ഥികൾ. ചൊവ്വാഴ്ച രാത്രി നടന്ന സംവാദത്തിൽ കാനഡയിലെ യുവാക്കളുടെ വോട്ട് എങ്ങനെ നേടാമെന്ന് ലിബറൽ നേതൃ സ്ഥാനാർത്ഥികളായ മാർക്ക് കാർണി, ക്രിസ്റ്റിയ ഫ്രീലാൻഡ്, കരീന ഗൗൾഡ്, ഫ്രാങ്ക് ബെയ്ലിസ് എന്നിവർ ചർച്ച ചെയ്തു.
അതേസമയം, കൺസർവേറ്റീവുകൾക്കും പീപ്പിൾസ് പാർട്ടി ഓഫ് കാനഡയ്ക്കും മുന്നിൽ യുവ വോട്ടർമാർ നഷ്ടപ്പെടുമോ എന്ന ആശങ്കയും സ്ഥാനാർത്ഥികൾ ഉയർത്തിക്കാട്ടി. 18 നും 29 നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരിൽ 50% പേർ ഇപ്പോൾ പിയേർ പൊളിയേവ് നയിക്കുന്ന കൺസർവേറ്റീവുകൾക്കും മാക്സിം ബെർണിയറുടെ പീപ്പിൾസ് പാർട്ടി ഓഫ് കാനഡയ്ക്കും പിന്തുണ നൽകുന്നുണ്ടെന്ന് അബാക്കസ് അടുത്തിടെ നടത്തിയ സർവേ സൂചിപ്പിക്കുന്നു.

യുവ വോട്ടർമാരെ പാർട്ടിയിലേക്ക് തിരികെ ആകർഷിക്കുന്നതിനായി സ്ഥാനാർത്ഥികൾ വിവിധ നയങ്ങൾ നിർദ്ദേശിച്ചു. ആദ്യമായി വീട് വാങ്ങുന്നവരുടെ ക്രെഡിറ്റ് കാർഡ് ഫീസ് പരിമിതപ്പെടുത്തുമെന്നും നികുതി കുറയ്ക്കുമെന്നും ക്രിസ്റ്റിയ ഫ്രീലാൻഡ് വാഗ്ദാനം ചെയ്തു. അതേസമയം, രാജ്യത്തെ സാമൂഹിക സുരക്ഷ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത കരീന ഗൗൾഡ് ഊന്നിപ്പറഞ്ഞു. എന്നാൽ, കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസം, ഭവനം എന്നിവ നൽകുക എന്നതിലാണ് മാർക്ക് കാർണിയും ഫ്രാങ്ക് ബെയ്ലിസും ശ്രദ്ധ കേന്ദ്രീകരിച്ചത്.
2015-ൽ ജസ്റ്റിൻ ട്രൂഡോയുടെ ഭൂരിപക്ഷ വിജയത്തിൽ നിർണായക ഘടകമായിരുന്ന യുവ വോട്ടർമാരെ ആകർഷിക്കാൻ, ലിബറൽ പാർട്ടി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് സ്ഥാനാർത്ഥികൾ സമ്മതിച്ചു. മാർച്ച് 9-നാണ് ലിബറൽ പാർട്ടിയുടെ നേതൃത്വ മത്സരം.
