വത്തിക്കാന്‍ സിറ്റി : ന്യൂമോണിയയെത്തുടര്‍ന്നു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ചികിത്സ ഫലിക്കുന്നതായി രക്തപരിശോധനയില്‍ വ്യക്തമായെന്നു വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ മാര്‍പാപ്പ എഴുന്നേറ്റു കസേരയില്‍ ഇരുന്നിരുന്നു.

അദ്ദേഹത്തിന്റെ വൃക്കയുടെ പ്രശ്‌നങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള ഫിസിയോതെറപ്പി തുടരുകയാണ്. ഓക്‌സിജന്‍ നല്‍കുന്നതും തുടരുന്നുണ്ട്. ശനിയാഴ്ച മുതല്‍ ശ്വാസതടസ്സം കൂറഞ്ഞവരുന്നത് ആശ്വാസകരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മാര്‍പാപ്പയെ ഫെബ്രുവരി 14 നാണ് റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
‘പാവങ്ങളുടെ ഡോക്ടര്‍’ എന്നറിയപ്പെടുന്ന വെനസ്വേലയിലെ വാഴ്ത്തപ്പെട്ട ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെര്‍ണാണ്ടസ്, ഇറ്റലിയിലെ അഭിഭാഷകന്‍ വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോങ്ങോ എന്നിവരെ മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. ആശുപത്രിയില്‍ കിടക്കയില്‍ വെച്ചാണ് മാര്‍പാപ്പ ഉത്തരവില്‍ ഒപ്പിട്ടത്. കേരളത്തില്‍ 12 മഠങ്ങളുള്ള ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മേരി ഓഫ് റോസറി സഭാ സ്ഥാപകന്‍ ദൈവദാസന്‍ ഡിഡാക്കോ ബെസിയെ (ഇറ്റലി) ധന്യനായി പ്രഖ്യാപിച്ചു.
ദിവ്യകാരുണ്യ ആരാധനയുടെ സംരക്ഷക സന്യാസിനി സഭയുടെ സ്ഥാപകന്‍ മൈക്കിള്‍ മൗറ മൊണ്ടാനര്‍ (സ്‌പെയിന്‍), കുനെഗോണ്ട സിവിയെക് (പോളണ്ട്), രണ്ടാം ലോകയുദ്ധകാലത്ത് യുഎസ് സൈന്യത്തിന്റെ ചാപ്ലെയ്ന്‍ ആയിരുന്ന ഫാ. എമില്‍ ജോസഫ് കാപോണ്‍ (യുഎസ്), ഇറ്റാലിയന്‍ പൊലീസ് സേനാംഗമായിരുന്ന സാല്‍വോ ഡി അക്വിസ്റ്റോ എന്നിവരെയും ധന്യരായി പ്രഖ്യാപിച്ചു. നാമകരണച്ചടങ്ങു പിന്നീട് നടക്കും.
