ഓട്ടവ : താരിഫ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും ഈ വർഷം കനേഡിയൻ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടേക്കാമെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെൻ്റ് (OECD). യുഎസുമായുള്ള വ്യാപാര യുദ്ധം വളർച്ചയെയും തൊഴിൽ വിപണിയെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും OECD റിപ്പോർട്ട് ചെയ്തു. എന്നാൽ, യുഎസ് വ്യാപാര യുദ്ധവും താരിഫ് ആഘാതങ്ങളും കാനഡയുടെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാന വെല്ലുവിളികളിലൊന്നായി നിലനിൽക്കുന്നുണ്ടെന്നും ഒഇസിഡി വ്യക്തമാക്കി.

വ്യാപാര യുദ്ധവും താരിഫുകളും തൊഴിൽ മേഖലയെ സാരമായി ബാധിക്കും. ഒപ്പം കാനഡയിൽ കൂടുതൽ തൊഴിൽ നഷ്ടങ്ങൾക്ക് കാരണമാകുമെന്നും തൊഴിലില്ലായ്മ നിരക്ക് ഈ വർഷം 7.1 ശതമാനമായും 2026-ൽ 7.3 ശതമാനമായും ഉയരുമെന്നും OECD പ്രവചിക്കുന്നു. 2024-നെ അപേക്ഷിച്ച് ഏപ്രിലിലെ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായിരുന്നു. അതേസമയം 2025-ന്റെ ആദ്യപാദത്തിൽ കാനഡ ഒരു ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കും. എന്നാൽ, രണ്ടാം പാദത്തിൽ സമ്പദ്വ്യവസ്ഥ ഇടിയും. മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിൽ സാമ്പത്തിക വളർച്ച പൂജ്യമാകും, ഒഇസിഡി പറയുന്നു. അന്തർ പ്രവിശ്യാ വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ സാധിക്കുമെന്ന് ഒഇസിഡി ശുപാർശ ചെയ്യുന്നു. ഇതിലൂടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഴികെയുള്ള വലിയ വിപണികളിൽ മുതലെടുക്കാൻ സഹായിക്കും.