ഓട്ടവ : ആയിരക്കണക്കിന് കനേഡിയൻമാരെ മാറ്റിപ്പാർപ്പിച്ച, ഡസൻ കണക്കിന് കാട്ടുതീയെ അഗ്നിശമന സേനാംഗങ്ങൾ നേരിടുമ്പോൾ നാല് പ്രവിശ്യകളിൽ വായുമലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് കാനഡ. നൂറിലധികം കാട്ടുതീയിൽ നിന്നുള്ള പുക യുണൈറ്റഡ് സ്റ്റേറ്റ്സിലെ ജോർജിയയുടെ തെക്ക് ഭാഗത്തുൾപ്പെടെയുള്ള പ്രദേശങ്ങളെ പോലും ബാധിച്ചതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു. ആൽബർട്ട, മാനിറ്റോബ, ഒൻ്റാരിയോ, സസ്കാച്വാൻ എന്നീ പ്രവിശ്യകളിലാണ് കാട്ടുതീ പുക ബാധിച്ചത്.

കനത്ത പുക എല്ലാവരുടെയും ആരോഗ്യത്തെ അപകടത്തിലാക്കുന്നുവെന്നും പുകയുടെ അളവ് ഉയരുമ്പോൾ അപകടാവസ്ഥ വർധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അപകടസാധ്യത ഒഴിവാക്കാൻ വീടിനു വെളിയിലുള്ള സമയം കുറയ്ക്കുകയും ഔട്ട്ഡോർ സ്പോർട്സ്, പ്രവർത്തനങ്ങൾ, ഇവന്റുകൾ എന്നിവ റദ്ദാക്കുകയും ചെയ്തതായി ഏജൻസി അറിയിച്ചു. കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണങ്ങൾ പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ, എല്ലാവരുടെയും ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. പുറത്തിറങ്ങുന്നവർ എൻ95 മാസ്ക് ധരിക്കണമെന്ന് ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു. വയോധികർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് വായുഗുണനിലവാരം കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. തലവേദന, കണ്ണ് അല്ലെങ്കിൽ തൊണ്ടയിൽ അസ്വസ്ഥത, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.

ആൽബർട്ട
വടക്കൻ ആൽബർട്ടയുടെ ചില ഭാഗങ്ങളിൽ കാട്ടുതീ പുക കാരണം വായു ഗുണനിലവാര മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വുഡ് ബഫല്ലോ റീജനൽ മുനിസിപ്പാലിറ്റി പോലുള്ള പ്രദേശങ്ങളിൽ, പുക “വളരെ മോശം” വായു ഗുണനിലവാരത്തിനും കുറഞ്ഞ ദൃശ്യപരതയ്ക്കും കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫോർട്ട് മക്മുറെ, ഫോർട്ട് ചിപെവിയൻ, ഫോർട്ട് മക്കേ, അൻസാക്, ജാൻവിയർ, കോൺക്ലിൻ എന്നീ കമ്മ്യൂണിറ്റികൾ ഈ മേഖലയിൽ ഉൾപ്പെടുന്നു.
സസ്കാച്വാൻ
വടക്കൻ സസ്കാച്വാനിലെ നിരവധി പ്രദേശങ്ങളിൽ വായുമലിനീകരണം രൂക്ഷമാണ്. ലാ റോഞ്ച് പട്ടണം ഉൾപ്പെടെയുള്ള ലാക് ലാ റോഞ്ച് പ്രൊവിൻഷ്യൽ പാർക്കിൽ വായു ഗുണനിലവാരവും ദൃശ്യപരതയും മോശമാണ്. ഞായറാഴ്ച വരെ വർദ്ധിച്ചുവരുന്ന കാട്ടുതീ കാരണം ടിംബർ ബേയിലെയും മൊളനോസയിലെയും കമ്മ്യൂണിറ്റികളെ ഒഴിപ്പിച്ചു. ആകെ, വടക്കൻ സസ്കാച്വാനിലെ 20 കമ്മ്യൂണിറ്റികളിൽ നിന്നുള്ള ഏകദേശം 8,000 ആളുകൾ ഇന്നുവരെ വീടുകൾ വിട്ടുപോയി.

മാനിറ്റോബ
കാട്ടുതീ കാരണം പതിനയ്യായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ച മാനിറ്റോബയിലെ പല പ്രദേശങ്ങളിലും വായു ഗുണനിലവാര മുന്നറിയിപ്പുകൾ ഉണ്ട്. വിനിപെഗിൽ വായു ഗുണനിലവാര മുന്നറിയിപ്പും പ്രത്യേക വായു ഗുണനിലവാര പ്രസ്താവനയും പ്രാബല്യത്തിൽ ഉണ്ട്. എന്നാൽ തിങ്കളാഴ്ച രാവിലെ മഴ പ്രതീക്ഷിക്കുന്നതിനാൽ മിക്ക സ്ഥലങ്ങളിലും സ്ഥിതി മെച്ചപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. വിനിപെഗിലും വടക്കുപടിഞ്ഞാറൻ മാനിറ്റോബയിലെ ഫ്ലിൻ ഫ്ലോണിലും കാട്ടുതീ പുക അപകടസാധ്യത ഉയർത്തുന്നു.
ഒൻ്റാരിയോ
വടക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ കാട്ടുതീ പുക പടർന്നതോടെ ജനജീവിതം ദുസ്സഹമായി. ഈ പ്രദേശങ്ങളിൽ കാട്ടുതീ പുക നിരവധി ദിവസം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാനിറ്റോബ അതിർത്തിക്കടുത്തുള്ള കെനോറ നഗരത്തിൽ തീപിടുത്ത നിരോധനം പ്രാബല്യത്തിൽ ഉണ്ട്.