ടൊറൻ്റോ : കഴിഞ്ഞ മാസം മിസ്സിസാഗയിൽ ഇന്ത്യൻ വംശജനായ ബിസിനസുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ ബ്രിട്ടിഷ് കൊളംബിയയിൽ രണ്ടു ഇന്ത്യൻ വംശജർ അറസ്റ്റിലായി. ബ്രിട്ടിഷ് കൊളംബിയ ഡെൽറ്റയിൽ നിന്നുള്ള അമൻ അമൻ, 21 വയസ്സുള്ള ദിഗ്വിജയ് ദിഗ്വിജയ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

മെയ് 14-ന് ഉച്ചയ്ക്ക് ഡിക്സി, ഡെറി റോഡുകൾക്ക് സമീപമുള്ള ട്രാൻമെയർ ഡ്രൈവിലെ ടെൽഫോർഡ് വേയിലാണ് സംഭവം. ഗതാഗത സുരക്ഷ, ഇൻഷുറൻസ് കമ്പനിയായ ജി & ജി ട്രക്കിംഗ് സൊല്യൂഷൻസ് നടത്തിയിരുന്ന മിസ്സിസാഗ സ്വദേശി 51 വയസ്സുള്ള ഹർജീത് സിങ് ധദ്ദയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് ഗുരുതരാവസ്ഥയിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹർജീത് സിങ് ധദ്ദ പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. വെടിവെപ്പിന് ശേഷം മോഷ്ടിച്ച 2018 ബ്ലാക്ക് ഡോഡ്ജ് ചലഞ്ചറിൽ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഈ വാഹനം പിന്നീട് കണ്ടെത്തി.

തുടർന്ന് നടന്ന അന്വേഷണത്തിൽ ബ്രിട്ടിഷ് കൊളംബിയയിലെ ഡെൽറ്റയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പീൽ റീജനൽ പൊലീസ് (പിആർപി) അറിയിച്ചു. ഡെൽറ്റ പൊലീസ് ഡിപ്പാർട്ട്മെൻ്റ്, അബോട്ട്സ്ഫോർഡ് പൊലീസ്, സറെ പൊലീസ്, റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) എന്നിവരുടെ സഹായത്തോടെ മെയ് 28-നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളായ രണ്ട് പേരെയും ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം ഒൻ്റാരിയോയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനായി പിആർപി ഹോമിസൈഡ് ഡിറ്റക്ടീവുകൾക്ക് കൈമാറി.