ഓട്ടവ : പുതിയ വ്യാപാര കരാറിനെക്കുറിച്ച് പ്രധാനമന്ത്രി മാർക്ക് കാർണിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും നേരിട്ട് ചർച്ച നടത്തുന്നതായി കാനഡയിലെ യുഎസ് അംബാസഡർ. എന്നാൽ കരാർ പൂർത്തിയായതായി അംബാസഡർ പീറ്റ് ഹോക്‌സ്ട്ര സ്ഥിരീകരിച്ചിട്ടില്ല. കരാർ പ്രഖ്യാപിക്കുന്നതുവരെ, അതിൽ എന്താണ് ഉള്ളതെന്ന് വ്യക്തമല്ല, കരാർ അന്തിമമായോ എന്നും അറിയില്ല, അദ്ദേഹം പറയുന്നു. അതേസമയം കരാറിന്‍റെ നിബന്ധനകൾ വിശദീകരിക്കുന്ന ഒരു പ്രവർത്തന രേഖ കാനഡയും യുഎസും കൈമാറിയതായി പീറ്റ് ഹോക്‌സ്ട്ര സ്ഥിരീകരിച്ചു. എന്നാൽ, ആ നിബന്ധനകൾ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഓട്ടോ, സ്റ്റീൽ, അലുമിനിയം ഉൾപ്പെടെ തീരുവ ഏർപ്പെടുത്തിയതിന് ശേഷം, വ്യാപാരം, സുരക്ഷ, മറ്റ് ഉഭയകക്ഷി വിഷയങ്ങൾ എന്നിവയിൽ യുഎസുമായി ഒരു പുതിയ കരാർ ഉണ്ടാക്കുന്നത് തന്‍റെ പുതിയ ലിബറൽ ഗവൺമെൻ്റിന്‍റെ മുൻഗണനയാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയിരുന്നു.