ഓട്ടവ : ഓഗസ്റ്റ് 11 തിങ്കളാഴ്ച മുതൽ കാനഡയിലുടനീളം പണിമുടക്ക് ആരംഭിക്കുമെന്ന് എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) പ്രഖ്യാപിച്ചു. മൺട്രിയോൾ, ടൊറൻ്റോ, വൻകൂവർ, കാൽഗറി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ഈ സമരം ബാധിക്കുമെന്ന് യൂണിയൻ അറിയിച്ചു. പണിമുടക്ക് ഒഴിവാക്കാൻ യൂണിയനുമായി എയർ കാനഡ ചർച്ച ആരംഭിക്കുമെന്ന് അറിയിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പണിമുടക്ക് പ്രഖ്യാപനം.

വർഷാരംഭം മുതൽ ആരംഭിച്ച കരാർ ചർച്ച വിജയത്തിലെത്താത്ത സാഹചര്യത്തിൽ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ പണിമുടക്ക് വോട്ടെടുപ്പ് നടത്തുകയും 99.7% പേരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. തുടർന്ന് ഓഗസ്റ്റ് 16-ന് 72 മണിക്കൂർ പണിമുടക്ക് ആരംഭിക്കാൻ നോട്ടീസ് നൽകിയിരുന്നു. ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ മുൻ കരാർ മാർച്ച് 31-ന് അവസാനിച്ചിരുന്നു. വേതന വർധന, വേതനമില്ലാത്ത ജോലി, ദിവസബത്ത, പെൻഷൻ, ജോലി നിയമങ്ങൾ, വിശ്രമവേളകൾ തുടങ്ങിയയവയാണ് തർക്കവിഷയങ്ങൾ. അനുദിനം ഉയരുന്ന ജീവിതച്ചെലവിൽ ഒരു എൻട്രി ലെവൽ ഫ്ലൈറ്റ് അറ്റൻഡൻ്റിന് പ്രതിമാസം 1,951.30 ഡോളർ മാത്രമാണ് ലഭിക്കുന്നതെന്നും ഇത് ജീവിക്കാൻ തികയുന്നില്ലെന്നും യൂണിയൻ പറയുന്നു.
