ഓട്ടവ : കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നതായി പുതിയ റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യകാലത്ത് മാത്രം കാണപ്പെടുന്ന നിലവാരത്തിലാണ് നിലവിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കെന്ന് CIBC അനലിസ്റ്റ് ആൻഡ്രൂ ഗ്രാൻതം പറയുന്നു. 15 നും 24 നും ഇടയിൽ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് നിലവിലെ സാമ്പത്തിക പശ്ചാത്തലം സൂചിപ്പിക്കുന്നതിനേക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. 2022 മുതൽ, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ശരാശരിയേക്കാൾ കൂടുതൽ വർധിച്ച് 5.5 ശതമാനത്തിൽ എത്തി. സാധാരണ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടങ്ങളിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനമായിരിക്കും.

2022-24 കാലയളവിൽ സ്ഥിര താമസക്കാരല്ലാത്തവരുടെ എണ്ണം വർധിച്ചതും തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറയുന്നു. കൂടാതെ പുത്തൻ സാങ്കേതികവിദ്യകളും മറ്റൊരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ജൂലൈയിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 14.6 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്യുന്നു. ഇത് 2010 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
