മൺട്രിയോൾ : റാക്കൂൺ പേവിഷബാധ വ്യാപനത്തെ ചെറുക്കുന്നതിനായി, നാളെ മുതൽ ഈസ്റ്റേൺ ടൗൺഷിപ്പുകളിൽ വാക്സിനേഷൻ വിതരണം ആരംഭിക്കുമെന്ന് കെബെക്ക് പരിസ്ഥിതി മന്ത്രാലയം (എംഇഎൽസിസി) അറിയിച്ചു. ഡിസംബർ മുതൽ പ്രവിശ്യയിൽ നിരവധി റാക്കൂൺ റാബിസ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. റാക്കൂണുകൾ, സ്കങ്കുകൾ, കുറുക്കന്മാർ എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനും രോഗത്തിന്റെ വ്യാപനം മന്ദഗതിയിലാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിൻ.

1,600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 24 മുനിസിപ്പാലിറ്റികളിലായി ഏകദേശം 134,000 വാക്സിൻ ബെയ്റ്റുകൾ വിതരണം ചെയ്യും. തീരപ്രദേശങ്ങൾ, വയലുകളുടെ അരികുകൾ, കാർഷിക കേന്ദ്രങ്ങൾ, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾക്ക് ചുറ്റുപാടുകൾ, മാലിന്യക്കൂമ്പാരങ്ങൾക്ക് സമീപം എന്നിങ്ങനെ റാക്കൂണുകൾ പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും വാക്സിൻ ബെയ്റ്റുകൾ നിക്ഷേപിക്കുക.

ജൂലൈയിൽ കെബെക്ക് അതിർത്തി പട്ടണമായ സ്റ്റാൻസ്റ്റെഡിന് സമീപമുള്ള വെർമോണ്ടിൽ റാക്കൂൺ റാബിസ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. അതിർത്തിക്ക് സമീപമുള്ള സ്റ്റാൻസ്റ്റെഡ്, സ്റ്റാൻസ്റ്റെഡ്-ഈസ്റ്റ്, ഓഗ്ഡൻ എന്നിവിടങ്ങളിൽ ഏഴ് കേസുകൾ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. മുമ്പ് വാക്സിൻ ബെയ്റ്റ് വിതരണവും ക്യാപ്ചർ-ആൻഡ്-വാക്സിനേഷൻ പ്രവർത്തനവും വേനൽക്കാലത്ത് നടത്തിയിരുന്നു.
