ടൊറൻ്റോ : യുഎസ് താരിഫുകളുടെ സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഒക്ടോബറിൽ നഗരത്തിലെ വീടുകളുടെ വിൽപ്പനയും വിലയും ഒരു വർഷം മുമ്പുള്ളതിനേക്കാൾ കുറഞ്ഞതായി ടൊറൻ്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.5% കുറഞ്ഞ് 6,138 വീടുകളുടെ വിൽപ്പനയാണ് ടൊറൻ്റോയിൽ ആകെ നടന്നത്. സെപ്റ്റംബറിനെ അപേക്ഷിച്ച് 2.3% ഇടിവും നേരിട്ടതായി ബോർഡ് റിപ്പോർട്ട് ചെയ്തു.

അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.7% വർധിച്ച് പുതിയ ലിസ്റ്റിങ്ങുകൾ 16,069 ആയി. ലിസ്റ്റിങ്ങുകളിലെ വർധനയും വിൽപ്പനയിലെ ഇടിവും വീടുകളുടെ വിലയിൽ പ്രതിഫലിച്ചതായി ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നഗരത്തിലെ വീടുകളുടെ വില 7.2% കുറഞ്ഞ് 1,054,372 ഡോളറായി. സെപ്റ്റംബറിനെ അപേക്ഷിച്ച് ഒരു മാസത്തിനുള്ളിൽ വീടുകളുടെ വില 1.4% കുറഞ്ഞു. ഡിറ്റാച്ചിഡ് വീടുകളുടെ വില 7.3% ഇടിഞ്ഞ് 1,355,506 ഡോളറിലെത്തിയപ്പോൾ കോണ്ടോയുടെ ശരാശരി വില 4.7% കുറഞ്ഞ് 660,208 ഡോളറിലെത്തി.
