എഡ്മിന്‍റൻ : ഒക്ടോബറിലെ അവസാന രണ്ടാഴ്ചയ്ക്കിടെ നാല് നറുക്കെടുപ്പുകൾ നടത്തി ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP). ഈ നറുക്കിടുപ്പുകളിലൂടെ നിരവധി സ്ട്രീമുകളിലും സംരംഭങ്ങളിലുമായി 1,111 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ആരോഗ്യപ്രവർത്തകർ, നിർമ്മാണ മേഖലയിലുള്ളവർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.

ഈ നാല് നറുക്കെടുപ്പുകളിൽ ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീം’ (Alberta Opportunity Stream) വഴിയാണ് ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചത്. 900 പേർക്കാണ് ഈ സ്ട്രീം വഴി അവസരം ലഭിച്ചത്. ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ വഴി 142 പേർക്കും നിർമ്മാണ മേഖലയിൽ (Priority Sectors (Construction)) 60 പേർക്കും ലോ എൻഫോഴ്‌സ്‌മെൻ്റ് പാത്ത്‌വേയിൽ പത്തിൽ താഴെ പേർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

2025-ൽ ആൽബർട്ടയ്ക്ക് ആകെ 6,603 നോമിനേഷൻ സ്ലോട്ടുകളാണ് ഫെഡറൽ സർക്കാരിൽ നിന്നും ലഭിച്ചത്. ഇതിൽ 5,137 പേർക്ക് ഇതുവരെ വിവിധ സ്ട്രീമുകൾ വഴി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഇനി 1,466 പേർക്ക് കൂടി അവസരം ലഭിക്കും.
