ഓട്ടവ : കുതിച്ചുയരുന്ന ജീവിതച്ചെലവ് കാരണം കനേഡിയൻ പൗരന്മാർ ഈ വർഷത്തെ ക്രിസ്മസ് ഷോപ്പിങ് വെട്ടിക്കുറച്ചേക്കുമെന്ന് പുതിയ സർവേ റിപ്പോർട്ട്. ഇൻസോൾവെൻസി സ്ഥാപനമായ ഹാരിസ് & പാർട്ണേഴ്‌സ് നടത്തിയ സർവേയിൽ പ്രതികരിച്ചവരിൽ ഭൂരിഭാഗവും ഈ വർഷത്തെ ക്രിസ്മസ് ചെലവ് കുറയ്ക്കുമെന്ന് പറയുന്നു. സർവേയിൽ പങ്കെടുത്ത 1,820 കനേഡിയൻ പൗരന്മാരിൽ ഏകദേശം 72% പേരും സമാനചിന്താഗതിക്കാരാണ്.

സർവേയിൽ പങ്കെടുത്തവരിൽ 53% പേർ അവധിക്കാല ഷോപ്പിങ് താങ്ങാനാവില്ലെന്ന് പ്രതികരിച്ചു. ക്രിസ്മസ് ഷോപ്പിങിനായി ചെലവഴിക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ടല്ല, മറിച്ച് അവധിക്കാലത്തിനായി പണം മാറ്റിവയ്ക്കാൻ ജനങ്ങളുടെ കൈയിൽ കാശില്ലാത്തതാണ് കാരണമെന്ന് ഹാരിസ് & പാർട്ണേഴ്‌സ് സിഇഒ ജോഷ്വ ഹാരിസ് പറയുന്നു. ഉയർന്ന ജീവിതച്ചെലവിനെ മറികടക്കാൻ കനേഡിയൻ പൗരന്മാർക്ക് വേണ്ടത്ര സാമ്പത്തിക അച്ചടക്കം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
