വാഷിങ്ടണ്‍: വെനസ്വേലയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്കിടെ കടുത്ത സാമ്പത്തിക-നയതന്ത്ര നിബന്ധനകളുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ കീഴിലുള്ള വെനസ്വേലന്‍ ഭരണകൂടം റഷ്യ, ചൈന, ഇറാന്‍, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും വിച്ഛേദിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഈ നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ രാജ്യത്ത് എണ്ണ ഉത്പാദനം തുടരാന്‍ അനുവദിക്കൂ എന്നാണ് ട്രംപിന്റെ നിലപാട്.
ദീര്‍ഘകാലമായി വെനസ്വേലയുടെ സഖ്യകക്ഷികളായ ചൈന, റഷ്യ, ഇറാന്‍, ക്യൂബ എന്നീ രാജ്യങ്ങളെ വെനസ്വേലയില്‍ നിന്ന് പുറത്താക്കണം. അവരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കണം. വെനസ്വേലയുടെ എണ്ണ ഉത്പാദനത്തില്‍ അമേരിക്കയുമായി മാത്രമേ സഹകരിക്കാവൂ. അസംസ്‌കൃത എണ്ണ വില്‍ക്കുമ്പോള്‍ യുഎസിന് ഒന്നാം പരിഗണന നല്‍കണം.

വെനസ്വേലയിലെ ഇടക്കാല ഭരണകൂടം 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ബാരല്‍ വരെ എണ്ണ യുഎസിന് കൈമാറും. ഇത് വിപണി വിലയ്ക്ക് വില്‍ക്കുമെന്നും, അതില്‍ നിന്നുള്ള വരുമാനം (ഏകദേശം 2 ബില്യണ്‍ ഡോളര്‍) തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഈ പണം ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച യുഎസ് നടത്തിയ മിന്നല്‍ ആക്രമണത്തിന് പിന്നാലെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കി നാടുകടത്തിയിരുന്നു. നിലവില്‍ ഡെല്‍സി റോഡ്രിഗസ് ഇടക്കാല ഭരണ ചുമതലയേറ്റെങ്കിലും വെനസ്വേലയുടെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയുടെ കൈപ്പിടിയിലാണെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്കയുടെ ഉപരോധം കടുപ്പിച്ചതോടെ എണ്ണ സംഭരിക്കാന്‍ സ്ഥലമില്ലാതെ വെനസ്വേലയിലെ എണ്ണക്കിണറുകള്‍ അടച്ചുതുടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യം മുതലെടുത്ത് വെനസ്വേലയുടെ എണ്ണസമ്പത്തിന്മേല്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. വെനസ്വേലയുടെ എണ്ണ വിപണിയില്‍ നിന്ന് ചൈനയെയും റഷ്യയെയും ഒഴിവാക്കുന്നത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
