ഓസ്ലോ: എപ്‌സ്റ്റീന്റെ രേഖകളിൽ നോർവേയിലെ പ്രമുഖ രാഷ്ട്രീയക്കാരുടെയും നയതന്ത്രജ്ഞരുടെയും പേരുകൾ ഉൾപ്പെട്ടതായി വെളിപ്പെടുത്തൽ. എപ്‌സ്റ്റീന്റെ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ കോടതി പുറത്തുവിട്ടതോടെയാണ് നോർവേയിലെ ഉന്നതർക്ക് ഇയാളുമായുള്ള ബന്ധം പുറത്തുവന്നത്.നോർവേയിലെ മുൻ മന്ത്രിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖർ എന്നിവർ എപ്‌സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. 2010-നും 2015-നും ഇടയിൽ ന്യൂയോർക്കിലെ എപ്‌സ്റ്റീന്റെ വസതിയിൽ വെച്ചാണ് മിക്ക കൂടിക്കാഴ്ചകളും നടന്നതെന്നാണ് വിവരം. സമാധാന ചർച്ചകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇയാളെ കണ്ടതെന്നാണ് പുറത്തുവരുന്നവിശദീകരണം.

അതേ സമയം ലൈംഗിക കുറ്റകൃത്യങ്ങളിൽ എപ്‌സ്റ്റീൻ ശിക്ഷിക്കപ്പെട്ടതിന് ശേഷവും നോർവേയിലെ ഉന്നതർ ഇയാളുമായി ബന്ധം പുലർത്തിയത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്ന് നോർവേയിലെ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. ഉന്നത പദവിയിലിരിക്കുന്നവർ ഇത്തരം വ്യക്തികളുമായി ബന്ധം പുലർത്തുന്നത് രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. നോർവേയിലെ മുൻ പ്രധാനമന്ത്രിയും നാറ്റോ മുൻ ജനറൽ സെക്രട്ടറിയുമായ ജെൻസ് സ്റ്റോൾട്ടൻബെർഗ് ഉൾപ്പെടെയുള്ളവർക്ക് എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
