ടൊറന്റോ: നോർത്ത് യോർക്കിലെ ഒരു വീട്ടിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രി പത്തരയോടെ ബാഥർസ്റ്റ് സ്ട്രീറ്റ്, സ്റ്റീൽസ് അവന്യൂ മേഖലയിലായിരുന്നു സംഭവം. കുത്തേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച രാത്രി 9:45-ഓടെയാണ് ഒരു വീട്ടിൽ ആക്രമണം നടക്കുന്നതായുള്ള ഫോൺ സന്ദേശം പൊലീസിന് ലഭിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് പരുക്കേറ്റ നിലയിൽ കണ്ട നാല് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ മൂന്ന് പേർക്ക് മാരകമായ രീതിയിൽ തന്നെ കുത്തേറ്റിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അപകടം നടന്ന വീട്ടിലും പരിസരത്തും വൻതോതിൽ പൊലീസ് സന്നാഹം തുടരുകയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ അതോ വീട്ടുകാർ തമ്മിലുള്ള പ്രശ്നമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. സംഭവസമയത്ത് പ്ലം ട്രീ വേ പരിസരത്ത് ഉണ്ടായിരുന്നവരോ കൂടുതൽ വിവരങ്ങൾ അറിയാവുന്നവരോ ബന്ധപ്പെടണമെന്ന് പൊലീസ് പറഞ്ഞു.
