ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്കിടയിൽ ഇന്ത്യ- അമേരിക്ക ഇടക്കാല വ്യാപാര കരാറിന്റെ നിയമരേഖക്ക് അന്തിമരൂപം നൽകാൻ ഇന്ത്യൻ സംഘം അടുത്തയാഴ്ച അമേരിക്ക സന്ദർശിക്കും. വാണിജ്യ വകുപ്പ് ജോയന്റ് സെക്രട്ടറി ദർപൺ ജെയിൻ ആണ് വാഷിങ്ടണിൽ ഫെബ്രുവരി 23ന് നടക്കുന്ന ചർച്ചകളിൽ ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകുക.

ഇന്ത്യൻ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ 25 ശതമാനമെന്ന പകരതീരുവ താമസിയാതെ അമേരിക്ക 18 ശതമാനമാക്കുമെന്നാണ് പ്രതീക്ഷയെന്ന് വാണിജ്യ വകുപ്പ് സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. ഇരുരാജ്യങ്ങളും ഈയിടെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കരാർ സംബന്ധിച്ച രൂപരേഖ വിശദമാക്കിയിട്ടുണ്ട്. ചർച്ച അന്തിമ ഘട്ടത്തിലെത്തിച്ച് മാർച്ചിൽ കരാർ ഒപ്പുവെക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, നിയമപരമായ പല പ്രശ്നങ്ങളിലും ധാരണയിൽ എത്തേണ്ടതിനാൽ കരാറിന് സമയപരിധി വ്യക്തമാക്കാൻ വാണിജ്യ സെക്രട്ടറി വിസമ്മതിച്ചു.
